കാറിൽ പിൻസീറ്റിൽ ഇരിക്കുന്നവരും സീറ്റ് ബെൽറ്റ് ധരിക്കണം’ : കേന്ദ്ര ഗതാഗത മന്ത്രി
വ്യവസായി സൈറസ് മിസ്ത്രിയുടെ വാഹനാപകടത്തെ തുടർന്ന് റോഡ് സുരക്ഷയെ കുറിച്ചുള്ള ചർച്ചകളാണ് നടക്കുന്നത്. റോഡ് അപകടങ്ങൾ കുറയ്ക്കാൻ അധികാരികളുടെ ഭാഗത്ത് നിന്ന് മാത്രം ശ്രമമുണ്ടായിട്ട് കാര്യമില്ലെന്നും, പൊതുജനങ്ങളുടെ പങ്കാളിത്തം അനിവാര്യമാണെന്നും നിതിൻ ഗഡ്കരി പറഞ്ഞു.
‘കാറിൽ പിന്നിൽ സഞ്ചരിക്കുന്നവർ സീറ്റ് ബെൽറ്റ് ധരിക്കേണ്ട എന്നാണ് വിചാരം. മുന്നിലുള്ളവർ മാത്രം സീറ്റ് ബെൽറ്റ് ധരിച്ചാൽ മതിയെന്ന് തെറ്റിധരിക്കുന്നു. എന്നാൽ മുന്നിലിരിക്കുന്നവരും പിന്നിൽ ഇരിക്കുന്നവരും സീറ്റ് ബെൽറ്റ് ധരിക്കണം’- നിതിൻ ഗഡ്കരി പറഞ്ഞു.
‘സാധാരണ ജനങ്ങൾക്ക് മാത്രമല്ല, ഞാൻ യാത്ര ചെയ്ത നാല് മുഖ്യമന്ത്രിമാരുടെ കാറുകളിലും ഇതാണ് അവസ്ഥ. അവരുടെ പേര് ഞാൻ പറയുന്നില്ല’- നിതിൻ ഗഡ്കരി ചൂണ്ടിക്കാട്ടി.
അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്ക് അമിത വേഗത്തിൽ വരുന്നതിനിടെയാണ് സൈറസ് മിസ്ത്രി സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുന്നത്. അപകടം നടക്കുമ്പോൾ സൈറസ് മിസ്ത്രി പിൻ സീറ്റിലായിരുന്നു യാത്ര ചെയ്തിരുന്നത്. സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല.