Monday, April 14, 2025
Kerala

നഗരസഭയിലെ നികുതി അപ്പീല്‍ കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ജയം; ബിജെപിയുമായി ഒത്തുകളിയെന്ന് കോണ്‍ഗ്രസ്

കൊച്ചി നഗരസഭയിലെ നികുതി അപ്പീല്‍ കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍ക്ക് ജയം. കൗണ്‍സിലര്‍ ബിന്ദു മണിയാണ് വിജയിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ നിന്നും ഭരണമുന്നണിയായ എല്‍ഡിഎഫ് വിട്ടുനില്‍ക്കാത്തതിന് പിന്നില്‍ ബിജെപിയുമായുള്ള ഗൂഢാലോചനയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അധ്യക്ഷ സ്ഥാനത്ത് ബിജെപിക്ക് തുടരാന്‍ വേണ്ടിയാണ് സിപിഐഎം മത്സരിച്ചതെന്നാണ് യുഡിഎഫിന്റെ ആരോപണം.

എല്‍ഡിഎഫ് ഭരിക്കുന്ന കൊച്ചി നഗരസഭയിലെ നികുതി അപ്പീല്‍ കമ്മിറ്റി അധ്യക്ഷ ബിജെപി കൗണ്‍സിലറായ പ്രിയ പ്രശാന്താണ്. കോടതി ഉത്തരവിനെത്തുടര്‍ന്ന് ബിജെപി അംഗമായ പി പദ്മകുമാരിക്ക് വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നതോടെയാണ് കമ്മിറ്റിയില്‍ ഒരു ഒഴിവ് വന്നത്. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫില്‍ നിന്നുള്ള ബിന്ദു മണി വിജയിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ നിന്ന് ഭരണമുന്നണി വിട്ടുനിന്നിരുന്നെങ്കില്‍ കമ്മിറ്റിയില്‍ യുഡിഎഫിന് ഭൂരിപക്ഷം ലഭിക്കുമായിരുന്നെന്നാണ് കോണ്‍ഗ്രസിന്റെ വാദം. അങ്ങനെയെങ്കില്‍ അവിശ്വാസ പ്രമേയത്തിലൂടെ നികുതി അപ്പീല്‍ കമ്മിറ്റിയില്‍ നിന്ന് ബിജെപിയെ മാറ്റാനാകുമായിരുന്നു. അതിന് തടയിടുകയായിരുന്നു സിപിഐഎം എന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

കോണ്‍ഗ്രസിന് നാലംഗങ്ങള്‍ ഉണ്ട്. ഒരാള്‍ കൂടി ജയിച്ചുകഴിഞ്ഞാല്‍ ചെയര്‍മാന്‍ ജയിക്കുമെന്നതിനാല്‍ കോണ്‍ഗ്രസിന്റെ ചെയര്‍മാന്‍ ജയിക്കാന്‍ പാടില്ലെന്നും പകരം ബിജെപിയുടെ ചെയര്‍മാനെ ആ സ്ഥാനത്ത് നിലനിര്‍ണമെന്നുമുള്ള വലിയ ദൗത്യവുമായാണ് സിപിഐഎം മത്സരത്തിനിറങ്ങിയതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. നികുതി അപ്പീല്‍ കമ്മിറ്റിയില്‍ യുഡിഎഫിന് നാലും എല്‍ഡിഎഫിന് മൂന്നും ബിജെപിക്ക് രണ്ടും വീതം അംഗങ്ങളാണുള്ളത്.

 

Leave a Reply

Your email address will not be published. Required fields are marked *