2020ൽ ഉണ്ടായത് 3.66 ലക്ഷം റോഡ് അപകടങ്ങൾ, മരിച്ചത്ത് 1.32 ലക്ഷം പേർ; നിതിൻ ഗഡ്കരി
2020-ൽ രാജ്യത്തുടനീളമുള്ള 3,66,138 റോഡപകടങ്ങളിൽ 1,31,714 പേർ കൊല്ലപ്പെട്ടതായി റോഡ് ഗതാഗത ഹൈവേ സഹമന്ത്രി നിതിൻ ഗഡ്കരി. കലണ്ടർ വർഷത്തിൽ 3,48,279 പേർക്ക് വിവിധ റോഡ് അപകടത്തിൽ പരുക്കേറ്റതായും മന്ത്രി പാർലമെന്റിനെ അറിയിച്ചു.
2019 ൽ ഇന്ത്യയിൽ റോഡപകടങ്ങളിൽ 4,51,361 പേർക്ക് പരുക്കേറ്റു. മൊത്തം അപകടങ്ങളുടെ എണ്ണം 4,49,002 ആണെന്നും നിതിൻ ഗഡ്കരി രാജ്യസഭയ്ക്ക് രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞു. റോഡ് സുരക്ഷ പ്രശ്‌നം പരിഹരിക്കുന്നതിന്, വിവിധ സേവനങ്ങളെ അടിസ്ഥാനമാക്കി റോഡ് മന്ത്രാലയം ഒരു ബഹുമുഖ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.
കൊവിഡ് മൂലം ദേശീയ പാതകളിലെ നിർമ്മാണ പ്രവർത്തനങ്ങളിൽ കാലതാമസമുണ്ടായി. നഷ്ടം നികത്തുന്നതിനും ഹൈവേ നിർമ്മാണത്തിലെ വേഗത വീണ്ടെടുക്കുന്നതിനും ആത്മനിർഭർ ഭാരതിന് കീഴിൽ സർക്കാർ 3 മുതൽ 9 മാസം വരെ സമയം നീട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പണമൊഴുക്ക് ഉറപ്പാക്കാൻ ഫണ്ട് റിലീസ്, കരാർ വ്യവസ്ഥകളിൽ ഇളവ് തുടങ്ങിയ നടപടികളാണ് സ്വീകരിച്ചത്.
സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് അണ്ടർടേക്കിംഗ്സ് അസോസിയേഷനിൽ (എഎസ്ആർടിയു) അംഗങ്ങളായ 61 സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അണ്ടർടേക്കിംഗുകൾ (എസ്‌ടിയു) 1,45,747 ബസുകൾ സർവീസ് നടത്തുന്നുണ്ടെന്നും ഇതിൽ 51,043 ബസുകൾ ഭിന്നശേഷിക്കാർക്കുള്ളതാണെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി ഗഡ്കരി പറഞ്ഞു.