Thursday, January 9, 2025
National

അരനൂറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിന് അവസാനം: വെങ്കയ്യ നായിഡുവിന് ഇനി വിശ്രമം

ദില്ലി: അന്‍പത് വർഷത്തോളം നീണ്ട പൊതു ജീവിതത്തിന് വിരാമമിട്ട് വെങ്കയ്യ നായിഡു (Venkaiah Naidu) വിശ്രമജീവിതത്തിലേക്ക് കടക്കുകയാണ്. രാംനാഥ് കോവിന്ദ് സ്ഥാനമൊഴിയുമ്പോൾ രാഷ്ട്രപതി സ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിക്കുമെന്ന് കരുതപ്പെട്ടെങ്കിലും വെങ്കയ്യ നായിഡുവിന് അവസരം ലഭിച്ചില്ല. വെങ്കയ്യനായിഡുവിന്‍റെ നിലപാടുകള്‍ ഇനി അങ്ങോട്ട് എങ്ങനെയായിരിക്കുമെന്ന ഉറ്റനോക്കുകയാണ് ഇന്ത്യൻ രാഷ്ട്രീയം.

ഇന്ന് നടക്കുന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍‍ഡിഎ സ്ഥാനാര്‍ത്ഥി ജഗ്ദീപ് ധാൻകറിന്‍റെ വിജയം ഉറപ്പാണ്. ആഗസ്റ്റ് പതിനൊന്നിന് പുതിയ ഉപരാഷ്ടപതിയുടെ സത്യപ്രതിജ്ഞ നടക്കും. പത്താം തീയതിയോടെ അന്‍പത് വര്‍ഷത്തോളം ഇന്ത്യൻ രാഷ്ട്രീയത്തില്‍ സജീവ സാന്നിധ്യമായിരുന്ന വെങ്കയ്യ നായിഡുവിന്‍റെ പൊതു ജീവിതത്തിനും വിരാമമാകുകയാണ്. ബിജെപിക്ക് കാര്യമായ സ്വാധീനമില്ലാതിരുന്ന തെക്കെ ഇന്ത്യയിലെ ബിജെപിയുടെ വലിയ മുഖങ്ങളില്‍ ഒന്നായിരുന്നു വെങ്കയ്യ. 

വാജ്പേയുടെ ഭരണകാലത്ത് പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനം വഹിച്ചിരുന്നത് വെങ്കയ്യനായിഡു ആയിരുന്നു. അദ്വാനിയോട് അടുപ്പം പുലർത്തിയിരുന്ന സുഷമസ്വരാജ്, വെങ്കയ്യനായിഡു, അരുണ്‍ജെയറ്റ്ലി, അനന്ത്കുമാർ എന്നിവർ ‍ഡി 4 എന്നായിരുന്നു അക്കാലത്ത് അറിയപ്പെട്ടിരുന്നത്. എന്നാല്‍ നരേന്ദ്രമോദി അധികാരത്തിലേറിയതോടെ വെങ്കയ്യനായിഡുവിന്‍റെ പാര്‍ട്ടിയിലെ സ്വാധിനം നഷ്ടമായി. 

എന്നാല്‍ പിന്നീട് മോദിയുമായി ഒത്തുതീർപ്പിലെത്തുന്നതും മോദിയുടെ നയങ്ങളുടെ പ്രചാരകനായി വെങ്കയ്യനായിഡു മാറുന്നതുമാണ് ഇന്ത്യന്‍ രാഷ്ട്രീയം കണ്ടത്. 2017 ല്‍ ഉപരാഷ്ട്രപതിയായ അദ്ദേഹം രാഷ്ട്രപതി സ്ഥാനത്തേക്ക് ഉയരുമെന്നാണ് പൊതുവേ പ്രതീക്ഷിച്ചത്. എന്നാല്‍ അതുണ്ടായില്ല.രാഷ്ട്രപതി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കാത്തതില്‍ അതൃപ്തിയുണ്ടെങ്കിലും അത് ഉടൻ പരസ്യമാക്കാന്‍ വെങ്കയ്യ മുതിർന്നേക്കില്ല. എങ്കിലും അവസരം ലഭിക്കുന്പോള്‍ അത് മറച്ചുവെക്കാനുള്ള സാധ്യതയും കുറവാണ്. 

പ്രതിപക്ഷ നേതാക്കളുമായി നല്ല വ്യക്തി ബന്ധം സൂക്ഷിക്കുകയും അത് പ്രകടിപ്പിക്കുകയും ചെയ്തിരുന്ന ബിജെപി നേതാവ് കൂടിയായിരുന്നു അദ്ദേഹം. രാഷ്ട്രപതി സ്ഥാനം പോലുള്ള സുപ്രധാന പദവിയിലേക്ക് വെങ്കയ്യ നായിഡു പരിഗണിക്കാതിക്കപ്പെട്ടതിന് പിന്നിൽ അതും ഒരു കാരണമായിരിക്കാമെന്ന ചിന്ത ചില ബിജെപി നേതാക്കള്‍ക്കെങ്കിലും ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *