Sunday, January 5, 2025
Kerala

വൈദ്യുതി ബോര്‍ഡിന്റെ പേരില്‍ തട്ടിപ്പ് വ്യാപകം

സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ പേരില്‍ തട്ടിപ്പ് വ്യാപകം. പണമടച്ചില്ലെങ്കില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന തരത്തില്‍ വ്യാജ എസ്.എം.എസ് സന്ദേശം അയച്ചാണ് തട്ടിപ്പ്. പലര്‍ക്കും ലക്ഷക്കണക്കിന് രൂപയാണ് ഇതിലൂടെ നഷ്ടപ്പെട്ടത്. ഇതിനെതിരെ കെ.എസ്.ഇ.ബി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയെങ്കിലും അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്.

കെ.എസ്.ഇ.ബിയുടെ പേരും ഔദ്യോഗിക വെബ്‌സൈറ്റും ദുരുപയോഗം ചെയ്താണ് തട്ടിപ്പ്. എത്രയും വേഗം പണമടച്ചില്ലെങ്കിലോ ആധാര്‍ നമ്പര്‍ വൈദ്യുതി കണക്ഷനുമായി ബന്ധപ്പെടുത്തിയില്ലെങ്കിലോ വൈദ്യുതി വിച്ഛേദിക്കുമെന്ന തരത്തിലാണ് എസ്.എം.എസ്, വാട്ട്‌സ്അപ്പ് സന്ദേശങ്ങള്‍ ലഭിക്കുക. ആദ്യം ഇംഗ്ലീഷില്‍ ലഭിച്ചുകൊണ്ടിരുന്ന സന്ദേശങ്ങള്‍ ഇപ്പോള്‍ മലയാളത്തിലും അയച്ചാണ് തട്ടിപ്പ് വ്യാപകമാക്കിയിട്ടുള്ളത്.

സന്ദേശത്തില്‍ കൊടുത്തിട്ടുള്ള മൊബൈല്‍ നമ്പരില്‍ ബന്ധപ്പെട്ടാല്‍ കെ.എസ്.ഇ.ബിയുടെ ഉദ്യോഗസ്ഥന്‍ എന്ന വ്യാജേനെ സംസാരിക്കും. പിന്നീട് ടീം വ്യൂവര്‍ പോലുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടും. സന്ദേശത്തിലുള്ള ലിങ്ക് തുറന്നാല്‍ ചെന്നെത്തുക കെ.എസ്.ഇ.ബിയുടെ വെബ് പേജിലാണ്. പണമടയ്ക്കാനില്ലെങ്കിലും കഴിഞ്ഞ മാസത്തെ ബില്ലുമായി 10 രൂപയുടെ വ്യത്യാസമുണ്ടെന്നും ഇതടയ്ക്കണമെന്നുമാണ് അടുത്ത നിര്‍ദ്ദേശം. ഇതടയ്ക്കുന്നതോടെ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട്, ഒ.ടി.പി വിവരങ്ങള്‍ എന്നിവ നേരത്തെ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്ലിക്കേഷനിലൂടെ തട്ടിപ്പുകാര്‍ക്ക് ലഭിക്കുന്നു. തുടര്‍ന്ന് അക്കൗണ്ടിലുള്ള പണം തട്ടിയെടുക്കുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *