ശ്വാസം പരിശോധിക്കാനെന്ന പേരില്‍ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചു; ബ്രിജ് ഭൂഷണെതിരെ ഗുസ്തി താരങ്ങളുടെ ഗുരുതര ആരോപണങ്ങള്‍
ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനെതിരായ പരാതിയില്‍ ഗുസ്തി താരങ്ങളുടെ മൊഴിയെടുത്ത് ഡല്‍ഹി പൊലീസ്. ബ്രിജ് ഭൂഷണ്‍ സിങിനെതിരെ ഗുരുതര ആരോപണങ്ങളാണ് താരങ്ങള്‍ മൊഴിയില്‍ നല്‍കിയിരിക്കുന്നത്. ശ്വാസം പരിശോധിക്കാനെന്ന വ്യാജേന സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നും പന്ത്രണ്ടോളം തവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നും ഗുസ്തി താരങ്ങള്‍ ഡല്‍ഹി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
2012 മുതല്‍ 2022 വരെയുള്ള കാലയളവിലാണ് പരാതിക്ക് അടിസ്ഥാനമായ സംഭവങ്ങള്‍ നടന്നത്. ഏപ്രില്‍ 21 ന് ഡല്‍ഹിയിലെ കൊണാട്ട് പ്ലേസ് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ലൈംഗികാതിക്രമം സംബന്ധിച്ച് എട്ടോളം സംഭവങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ട്.
ശ്വാസം പരിശോധിക്കാനെന്ന പേരില്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് തങ്ങളെ പലതവണ ശാരീരികമായി ഉപദ്രവിച്ചു. ഗുസ്തി അസോസിയേഷന്‍ പ്രസിഡന്റെന്ന നിലയിലുള്ള ശരണ്‍ സിംഗിന്റെ സ്വാധീനവും കരിയറില്‍ അതുണ്ടാക്കിയേക്കാവുന്ന ദോഷവും കണക്കിലെടുത്താണ് ഇക്കാര്യം നേരത്തെ പറയാതിരുന്നതെന്ന് വനിതാ ഗുസ്തി താരങ്ങള്‍ പരാതിയില്‍ പറയുന്നു.ഗുസ്തി താരങ്ങളുടെ രാപ്പകല്‍ സമരം ജന്തര്‍ മന്തറില്‍ തുടരുകയാണ്.
2016 ലെ ഒരു ടൂര്‍ണമെന്റിനിടെയാണ് പരാതിയില്‍ പരാമര്‍ശിച്ച ഒരു സംഭവം. വനിതാ ഗുസ്തി താരത്തെ അടുത്തേക്ക് വിളിച്ച ബ്രിജ് ഭൂഷണ്‍ സിംഗ് നെഞ്ചിലും വയറിലും ലൈംഗികമായി സ്പര്‍ശിച്ചെന്ന് പരാതിയില്‍ പറയുന്നു. ഈ സംഭവത്തിന് ശേഷം തനിക്ക് ഭക്ഷണം പോലും കഴിക്കാന്‍ പറ്റാത്ത അവസ്ഥയായെന്നും വിഷാദത്തിലേക്കെത്തിയെന്നും ഗുസ്തി താരം പറഞ്ഞു.
2019ല്‍ മറ്റൊരു ടൂര്‍ണമെന്റിനിടെ ബ്രിജ്ഭൂഷണ്‍ വീണ്ടും ഇതാവര്‍ത്തിച്ചു. അശോക് റോഡിലുള്ള തന്റെ വസതിയില്‍വച്ചും ഈ സംഭവമുണ്ടായി. ഈ വസതിയില്‍ റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ഓഫീസും ഉണ്ട്. ആദ്യ ദിവസം ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് തുടയിലും തോളിലും സ്പര്‍ശിച്ചെന്നും പിറ്റേന്ന് ശ്വാസം പരിശോധിക്കുന്നുവെന്ന് പറഞ്ഞാണ് നെഞ്ചില്‍ സ്പര്‍ശിച്ചതെന്നും പൊലീസിന് നല്‍കിയ മൊഴിയില്‍ ഗുസ്തി താരം പറഞ്ഞു.