എഐ ക്യാമറ: മുഖ്യമന്ത്രിയെ താറടിച്ച് കാണിക്കാൻ പ്രതിപക്ഷ ശ്രമം; യാതൊരു അഴിമതിയും നടന്നിട്ടില്ലെന്ന് ഗതാഗതമന്ത്രി
എ ഐ ക്യാമറ ഇടപാടിൽ യാതൊരു അഴിമതിയും നടന്നിട്ടില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു.കരാറിൽ പാളിച്ചയുണ്ടെങ്കിൽ തിരുത്തും. മുഖ്യമന്ത്രിയെ ഇകഴ്ത്തിക്കാണിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭാ യോഗത്തിലാണ് കണ്ടതെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. കരാറുമായി മുഖ്യമന്ത്രിക്ക് ബന്ധമില്ല. കെൽട്രോണുമായാണ് ഗതാഗത വകുപ്പ് കരാർ ഒപ്പിട്ടതെന്നും മന്ത്രി വിശദീകരിച്ചു.
എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ കഴമ്പില്ലെന്ന് മന്ത്രി പറഞ്ഞു. കെൽട്രോണും കമ്പനികളുമായി ഒപ്പിട്ട ഉപകരാറിൽ ഗതാഗത വകുപ്പിന് ബന്ധമില്ല. മറ്റ് മന്ത്രിമാർ കണ്ടത് പോലെയാണ് മുഖ്യമന്ത്രിയും ഈ ഫയൽ കണ്ടത്. മുഖ്യമന്ത്രിക്കെതിരെ ഒരു തെളിവുമില്ല. മുഖ്യമന്ത്രിയെ താറടിച്ച് കാണിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. അതും മുൻപേ നടക്കുന്നതാണ്. ഈ ആരോപണങ്ങൾ കൊണ്ട് ജനങ്ങളെ കുറേ കാലത്തേക്ക് കബളിപ്പിക്കാനാവും. എന്നാൽ എല്ലാ കാലത്തേക്കും കഴിയില്ലെന്നും മന്ത്രി പ്രതികരിച്ചു.