പ്രധാനമന്ത്രി പാലത്തിൽ കുടുങ്ങിയ സംഭവം: പഞ്ചാബ് സർക്കാർ ഇന്ന് റിപ്പോർട്ട് നൽകും
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചയിൽ പഞ്ചാബ് സർക്കാർ ഇന്ന് കേന്ദ്രത്തിന് റിപ്പോർട്ട് നൽകും. കർഷക പ്രതിഷേധത്തെ തുടർന്ന് പ്രധാനമന്ത്രിയുടെ വാഹനം 20 മിനിറ്റോളം നേരം പാലത്തിൽ കുടുങ്ങിയ സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തോട് റിപ്പോർട്ട് തേടിയിരുന്നു
അതേസമയം സുരക്ഷാ വീഴ്ചയില്ലെന്നാണ് മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ഛന്നി പ്രതികരിച്ചത്. ഹെലികോപ്റ്ററിലാണ് പ്രധാനമന്ത്രി ഹുസൈനവാലിയിലേക്ക് പുറപ്പെടാൻ തീരുമാനിച്ചത്. എന്നാൽ കാലാവസ്ഥ പ്രതികൂലമായതിനാൽ യാത്ര പെട്ടെന്ന് റോഡ് മാർഗമാക്കുകയായിരുന്നു.
പ്രതിഷേധം കുറയാൻ 20 മിനിറ്റ് വരെ എടുക്കുമെന്ന് പ്രധാനമന്ത്രിയെ അറിയിച്ചതാണ്. മറ്റൊരു വഴിയിലൂടെ പോകാമെന്ന് അറിയിച്ചതാണ്. പക്ഷേ പ്രധാനമന്ത്രി തിരിച്ചുപോകാനാണ് തീരുമാനിച്ചത്. ഒരുതരത്തിലുള്ള സുരക്ഷാ വീഴ്ചയുമുണ്ടായിട്ടില്ല. ആക്രമണത്തിന്റെ സാഹചര്യമുണ്ടായില്ലെന്നും ചരൺജിത്ത് ഛന്നി പറഞ്ഞു.