Tuesday, January 7, 2025
Kerala

സിപിഐ നേതാവിന്റെ വീടിന് നേരെ ആക്രമണം; പിന്നിൽ എസ്എഫ്ഐ പ്രവർത്തകരെന്ന് ആരോപണം

മൂവാറ്റുപുഴയിൽ സിപിഐ നേതാവിന്റെ വീടിന് നേരെ ആക്രമണം. സിപിഐ വാളകം ലോക്കൽ കമ്മിറ്റി സെക്രട്ടറി ബാബുവിന്റെ വീടാണ് ആക്രമിച്ചത്. ഇന്നലെ അർദ്ധ രാത്രിയിലാണ് ആക്രമണം. എസ്എഫ്ഐ ഡിവൈഎഫ്ഐ പ്രവർത്തകരാണ് ആക്രമിച്ചതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.

ബാബുവിനും മാതാവിനും ആക്രമണത്തിൽ പരുക്കേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിർമ്മല കോളജിലെ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് അക്രമത്തിൽ കലാശിച്ചത്. കോളജിൽ എഐഎസ്എഫ് – എസ്എഫ്ഐ സംഘർഷം ഉടലെടുത്തിരുന്നു.

കോളജിലെ എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ച എഐഎസ്എഫ് പ്രവർത്തകരെ സംരക്ഷിക്കുന്നത് ബാബുവാണെന്ന് തുടക്കം മുതൽ തന്നെ ആരോപണമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് ആക്രമണമെന്നാണ് അറിയുന്നത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. കേസെടുത്ത് അന്വേഷണം നടത്തും. നിർമല കോളജിലെ യൂണിയൻ തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ ആക്രമണത്തിൽ 17 പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തെരഞ്ഞെടുപ്പു കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിൽ ഭക്ഷണം കഴിക്കാനെത്തിയ എഐഎസ്എഫ് പ്രവർത്തകരെ എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചെന്നും ഇതിനു രാഷ്ട്രീയ വ്യത്യാസമില്ലാതെ സുഹൃത്തുക്കൾ പ്രതിരോധിക്കുകയായിരുന്നെന്നുമാണ് എഐഎസ്എഫ് വിദ്യാർഥികൾ പറയുന്നത്. എന്നാൽ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹി ഉൾപ്പെടെയുള്ളവർക്കു നേരെയുണ്ടായ ആക്രമണത്തിൽ നടപടി വേണമെന്നാണ് ഡിവൈഎഫ്ഐയുടെ ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *