ടാറ്റു പീഡനക്കേസ്: പരാതിയില്ലെന്ന് പോസ്റ്റിട്ട യുവതി; പ്രതി ബംഗളൂരുവിലേക്ക് കടന്നു
കൊച്ചിയിലെ ടാറ്റു ലൈംഗിക പീഡനക്കേസിലെ പ്രതി ബംഗളൂരുവിലേക്ക് കടന്നതായി സൂചന. ടാറ്റു ആർട്ടിസ്റ്റായ സുജീഷിനായി പോലീസ് അന്വേഷണം ഊർജിതമാക്കി. യുവതികൾ സമൂഹ മാധ്യമങ്ങളിലൂടെ മീടു ആരോപണം ഉന്നയിച്ചതോടെയാണ് സുജീഷ് ഒളിവിൽ പോയത്.
ഇയാളുടെ ടാറ്റുകേന്ദ്രത്തിൽ പോലീസ് റെയ്ഡ് നടത്തിയിരുന്നു. ചിറ്റൂരിലും വെണ്ണലയിലുമുള്ള ഇയാളുടെ വീടുകളിലും പരിശോധന നടത്തി. വീടുപണിക്ക് വേണ്ട സാധനങ്ങളെടുക്കാൻ ഇയാൾ ബംഗളൂരുവിൽ പോയെന്ന വിവരമാണ് പോലീസിന് ലഭിച്ചത്. എന്നാൽ ഇയാൾ ഒളിവിൽ പോയതാണെന്ന് പോലീസ് പറയുന്നു
സംഭവത്തിൽ നാല് യുവതികൾ ഇതുവരെ പരാതി നൽകിയിട്ടുണ്ട്. ഇവരുടെ രഹസ്യമൊഴികൾ ഇന്ന് രേഖപ്പെടുത്തും. എന്നാൽ ആദ്യം പീഡനാരോപണം സമൂഹ മാധ്യമത്തിലൂടെ ഉന്നയിച്ച യുവതി തനിക്ക് പരാതിയില്ലെന്ന് അറിയിച്ചു. മാതാപിതാക്കൾക്കൊപ്പം എത്തിയാണ് പീഡനത്തിൽ തനിക്ക് പരാതിയില്ലെന്ന് യുവതി അറിയിച്ചത്. അതേസമയം യുവതി പീഡനം നടന്നതായി സമൂഹ മാധ്യമത്തിൽ വെളിപ്പടുത്തിയ സാഹചര്യത്തിൽ പോലീസ് കേസെടുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് യുവതികളും പരാതി നൽകിയത്.