സ്റ്റേഷനില്‍ വച്ച് വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവം; എസ്‌ഐക്ക് സസ്‌പെന്‍ഷന്‍
കോതമംഗലത്ത് വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവത്തില്‍ എസ്‌ഐക്ക് സസ്പന്‍ഷന്‍. കോതമംഗലം എസ് ഐ മാഹിനെയാണ് സസ്പന്റ് ചെയ്തത്. മാര്‍ ബസേലിയോസ് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ റോഷന്‍ റെന്നിയെ എസ്.ഐ മാഹിന്‍ സലിം മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
കോതമംഗലം മാര്‍ ബസേലിയോസ് കോളജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിയായ റോഷന്‍ റെന്നിയെയാണ് എസ്‌ഐ മാഹിന്‍ മര്‍ദ്ദിച്ചത്. കൂട്ടുകാരനെ കസ്റ്റഡിയിലെടുത്തത് അന്വേഷിക്കാന്‍ സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു സംഭവം. എസ്‌ഐ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു.
സ്റ്റേഷന് അകത്തേക്ക് വലിച്ചുകയറ്റിയ ശേഷം ഇടത് കരണത്തും ചെവിയിലും ശക്തമായി മര്‍ദിച്ചെന്ന് വിദ്യാര്‍ഥി കോതമംഗലം എസ്.എച്ച്.ഒയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. എസ് എഫ് ഐ നേതാവല്ലേ എന്ന് ചോദിച്ചായിരുന്നു മര്‍ദനം. ചെവിയ്ക്ക് അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോതമംഗലം സര്‍ക്കാര്‍ ആശുപത്രിയിലും രണ്ട് സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയെന്നും പരാതിയിലുണ്ട്.
സംഭവത്തില്‍ എസ്‌ഐക്ക് എതിരെ നടപടിയെടുക്കണമെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ ആവശ്യം. അതേസമയം ഹോട്ടല്‍ പരിസരത്ത് ബഹളം ഉണ്ടാക്കിയെന്നാരോപിച്ചാണ് വിദ്യാര്‍ഥികളെ സ്റ്റേഷനിലെത്തിച്ചതെന്നായിരുന്നു പൊലീസ് വിശദീകരണം.