Thursday, January 2, 2025
National

തമിഴ്‌നാട്ടിൽ വിദ്യാർത്ഥിയെ മർദിച്ച അധ്യാപകൻ റിമാൻഡിൽ

തമിഴ്‌നാട്ടിൽ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച അധ്യാപകൻ റിമാൻഡിൽ. ചിദംബരം നന്ദനാർ സർക്കാർ സ്‌കൂളിലെ ഫിസിക്‌സ് അധ്യാപകൻ സുബ്രഹ്മണ്യനാണ് റിമാൻഡിലായത്. വിദ്യാർത്ഥിയുടെ പരാതി പ്രകാരം പട്ടികജാതി, പട്ടിക വർഗ പീഡന നിരോധന നിയമപ്രകാരം സുബ്രഹ്മണ്യനെതിരെ പൊലീസ് കേസെടുത്തിരുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവമുണ്ടായത്. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയെയാണ് അധ്യാപകൻ ക്രൂരമായി മർദിച്ചത്. വടികൊണ്ട് അടിക്കുന്നതിന് പുറമെ കാലുകൾ കൊണ്ട് വിദ്യാർത്ഥിയെ തുടർച്ചയായി ചവിട്ടുകയും ചെയ്തു. ക്ലാസിലെ മറ്റൊരു വിദ്യാർത്ഥി പകർത്തിയ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

ക്ലാസിൽ കൃത്യമായി എത്തുന്നില്ലെന്ന കാരണം പറഞ്ഞ് സഞ്ജയ്, സുശീന്ദ്രൻ, അജയകുമാർ എന്നീ വിദ്യാർത്ഥികളെയാണ് അധ്യാപകൻ ചോദ്യം ചെയ്തത്. ഇതിൽ ഒരു വിദ്യാർത്ഥിയെ മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദൃശ്യങ്ങൾ പ്രചരിച്ചതോടെ അധ്യാപകനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. തുടർന്നാണ് അധ്യാപകനെതിരെ പൊലീസ് കേസെടുത്തതും അറസ്റ്റ് ചെയ്തതും.

 

Leave a Reply

Your email address will not be published. Required fields are marked *