Thursday, April 10, 2025
National

തമിഴ്നാട്ടിലും കനത്ത മഴ തുടരുന്നു: തെക്കൻ ജില്ലകളിൽ മഴക്കെടുതി രൂക്ഷം

ചെന്നൈ: തമിഴ്നാടിന്‍റെ വിവിധ ജില്ലകളിലും മഴ തുടരുകയാണ്. തെക്കൻ ജില്ലകളിലാണ് കാര്യമായ മഴക്കെടുതികളുള്ളത്. മേട്ടൂർ, ഷോളയാർ അണക്കെട്ടുകളിൽ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്‍റെ അളവ് കുറച്ചെങ്കിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഒഴിവായിട്ടില്ല. 

തിരുപ്പൂരിൽ അമരാവതി നദിയിൽ ഒഴുക്കിൽപ്പെട്ട് ഒരു യുവാവിനെ കാണാതായി. അഗ്നിരക്ഷാ സേന ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്.  വെല്ലൂർ, കള്ളക്കുറിച്ചി, സേലം, ദിണ്ടിഗൽ, നീലഗിരി പ്രദേശങ്ങളിലൊക്കെ താഴ്ന പ്രദേശങ്ങളിൽ വെള്ളം കയറി. വെള്ളം കയറിയ ജനവാസ മേഖലകളിൽ പൊലീസ് ഡ്രോണ്‍ നിരീക്ഷണം നടത്തുന്നുണ്ട്. വ്യാപകമായ കൃഷിനാശവും ഉണ്ടായിട്ടുണ്ട്. എന്നാൽ കാര്യമായ അപകടങ്ങൾ എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല.

മഴയിൽ നീരൊഴുക്ക് കനത്തതോടെയാണ് സംസ്ഥാനത്തെ നിരവധി ഡാമുകൾ തുറക്കേണ്ടി വന്നത്. മുല്ലപ്പെരിയാർ ഡാമിൻറെ പത്ത് സ്പിൽവേ ഷട്ടറുകൾ ഇന്ന് തുറന്നു. മലമ്പുഴ ഡാമിൻ്റെ നാലു ഷട്ടറുകളും
തെന്മല ഡാമിൻറെ മൂന്നു ഷട്ടറുകളും ഇന്ന് തുറന്നു. പീച്ചി ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. കരുതലോടെ ഘട്ടം ഘട്ടമായാണ് ഇത്തവണ ഡാമുകൾ തുറന്നത് എന്നതിനാൽ എവിടെയും പ്രളയഭീതി
ഇല്ല. 

സംസ്ഥാനത്ത് പൊതുവിൽ ഇന്ന് മഴയ്ക്ക്  ശമനമുണ്ടായിട്ടുണ്ട്. ഇടുക്കി മുതൽ കാസർകോടു വരെ
എട്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തും അലെർട്ടുകൾ പിൻവലിച്ചു. പത്തനംതിട്ടയിലും ആലപ്പുഴയിലും കോട്ടയത്തും എറണാകുളത്തും യെല്ലോ അലേർട്ട്
മാത്രമാണുള്ളത്. വിവിധ ജില്ലകളിലായി ഏഴായിരത്തോളം പേർ 221 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുകയാണ്. 

മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സ്പിൽവേ ഷട്ടറുകൾ തുറന്നതോടെ പെരിയാർ തീരത്ത് അതീവ ജാഗ്രത തുടരുകയാണ്. മലമ്പുഴ അണക്കെട്ട് തുറന്നതോടെ ഭാരതപ്പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നൽകിയിട്ടുണ്ട്. മഴ കുറഞ്ഞെങ്കിലും അപ്പർകുട്ടനാട്ടിൽ വെള്ളക്കെട്ട് ഇതുവരെ താഴ്ന്നിട്ടില്ല. ചൊവ്വാഴ്ച വരെ സംസ്ഥാന മഴ സജീവമായി തുടരും എന്നാണ് പ്രവചനം

Leave a Reply

Your email address will not be published. Required fields are marked *