കേരള വിസി നിയമനത്തിന് സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് ഗവര്‍ണര്‍; വീണ്ടും സര്‍ക്കാര്‍ ഗവര്‍ണര്‍ പോര്
തിരുവനന്തപുരം: വീണ്ടും ഗവർണറും സർക്കാരും തമ്മിൽ പോരിനൊരുങ്ങുന്നു. കേരള വി സി നിയമനത്തിനായി സർവ്വകലാശാല നോമിനിയെ ഒഴിച്ചിട്ട് ഗവർണര്‍ സെർച്ച് കമ്മിറ്റി ഉണ്ടാക്കി. വി സി നിയമനത്തിൽ ഗവർണറുടെ അധികാരം കവരാനുള്ള ഓർഡിനൻസ് ഇറക്കാൻ സർക്കാർ ശ്രമിക്കുമ്പോഴാണ് സ്വന്തം നോമിനിയെ വെച്ച് ഗവർണര്‍ ഉത്തരവ് ഇറക്കിയത്. സർക്കാരിന് താല്‍പ്പര്യമുള്ള വ്യക്തിയെ വി സിയാക്കാനായി സെർച്ച് കമ്മിറ്റിയിൽ ഗവർണര്‍ക്കുള്ള അധികാരം കവർന്നുള്ള ഓർഡിനൻസ് ഇറക്കാനുള്ള സർക്കാർ നടപടി അന്തിമഘട്ടത്തിലാണ്.
നിയമവകുപ്പ് പരിഗണിച്ച് അടുത്ത മന്ത്രിസഭാ യോഗം ഓർഡിനൻസ് ഇറക്കാനിരിക്കെയാണ് രാജ്ഭവന്‍റെ അതിവേഗ നീക്കം. ഒഴിവ് വരുന്ന് കേരള വി സി നിയമനത്തിനായി ഗവർണര്‍ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. ഗവർണറുടെ നോമിനി കോഴിക്കോട് ഐഐഎം ഡയറക്ടർ ഡോ. ദേബാശിഷ് ചാറ്റർജിയാണ്. യുജിസി നോമിനി കർണ്ണാടകയിലെ കേന്ദ്ര സർവ്വകലാശാല വിസി പ്രൊ ബട്ടു സത്യനാരായണ. സർവ്വകലാശാലയുടെ നോമിനിയെ ഒഴിച്ചിട്ടാമ് ഉത്തരവ്. സർവ്വകലാശാല നോമിനിയായി ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി കെ രാമചന്ദ്രനെ നേരത്തെ തീരുമാനിച്ചെങ്കിലും അദ്ദേഹം സ്വയം ഒഴിവായതായി ഗവർണറെ സർവ്വകലാശാല അറിയിക്കുകയായിരുന്നു.