ഇടുക്കി ഡാമിലെ റെഡ് അലേർട്ട് പിൻവലിച്ചു
ഇടുക്കി ഡാമിലെ റെഡ് അലേർട്ട് പിൻവലിച്ചു. ഡാമിലെ ജലനിരപ്പ് 2398.3 അടിയിലേക്ക് താഴ്ന്നു. എന്നാൽ ജാഗ്രത തുടരണമെന്ന് അധികൃതർ അറിയിച്ചു.
ഇന്ന് രാവിലെയാണ് ഇടുക്കി ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. ഡാമിലെ നിലവിലെ ജലനിരപ്പ് 2398.32 അടിയായി ഉയർന്നതോടെയാണ് റെഡ് അലേർട്ട് പുറപ്പെടുവിച്ചത്. ജലനിരപ്പ് റൂൾ കർവ് പരിധി പിന്നിട്ടതോടെയാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്.
ഇടുക്കിയിൽ നേരിയ തോതിൽ മാത്രമേ വെള്ളം ഉയരൂവെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചിരുന്നു. ഇടുക്കി ഡാമിൽ നിലവിൽ ഭീഷണിയില്ലെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
മുല്ലപ്പെരിയാർ ഡാമിന്റെ രണ്ട് സ്പിൽവേ ഷട്ടറുകളാണ് ഇന്ന് രാവിലെ തുറന്നത്. മുല്ലപ്പെരിയാർ ഡാമിന്റെ രണ്ട് ഷട്ടറുകൾ രാവിലെ 7.29 ന് തന്നെ തുറന്നു. അതേസമയം മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് റവന്യുമന്ത്രി കെ രാജൻ പറഞ്ഞു. ഏത് തരത്തിലുള്ള അടിയന്തര സാഹചര്യവും നേരിടാൻ തയ്യാറാണ്. ഷട്ടറുകൾ തുറക്കുന്നതിന് മുൻപ് തന്നെ സുരക്ഷാ നടപടിക്രമങ്ങൾ പൂർത്തീകരിക്കാനും ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനും കഴിഞ്ഞെന്ന് മന്ത്രി വ്യക്തമാക്കി.