മഹാരാഷ്ട്രയിലെ എൻസിപി പിളർപ്പ്: ശക്തി തെളിയിക്കാൻ ശരദ് പവാറും അജിത് പവാറും, ഇന്ന് യോഗം
മുംബൈ: എൻസിപി പിളർന്ന ശേഷമുള്ള ശരദ് പവാർ, അജിത് പവാർ വിഭാഗങ്ങളുടെ ചേരി തിരിഞ്ഞുള്ള യോഗം ഇന്ന് മുംബൈയിൽ ചേരും. രാവിലെ 11 മണിക്ക് ബാന്ദ്രയിലാണ് അജിത് പവാർ വിഭാഗത്തിന്റെ യോഗം. ഉച്ചയ്ക്ക് ശേഷം ഒരു മണിയോടെ മുംബൈയിൽ ശതത് പവാർ വിഭാഗത്തിന്‍റെയും യോഗം നടക്കും. എംഎൽമാരോടും എംപിമാരോടും മറ്റ് പാർട്ടി ഭാരവാഹികളോടും യോഗത്തിൽ പങ്കെടുക്കാൻ ഇരുനേതാക്കളും നിർദേശം നൽകിയിട്ടുണ്ട്. ഇതിനിടെ അജിത് പവാറിനൊപ്പം പോയ 4 എംഎൽഎമാർ നിലപാട് മാറ്റി തിരികെ എത്തിയതായി ശരദ് പവാർ പക്ഷം അവകാശപ്പെട്ടു. അയോഗ്യത സംബന്ധിച്ച് ഇരു വിഭാഗങ്ങളും സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ട്. കൂറുമാറ്റ നിരോധന നിയമം ബാധകമാകാതിരിക്കാൻ അജിത് പവാറിന് 53 എംഎൽഎമാരിൽ 36 പേരുടെ പിന്തുണയാണ് ആവശ്യം.