Thursday, January 9, 2025
National

80% എൻസിപി എംഎൽഎമാരും മടങ്ങിവരുമെന്ന് ശരദ് പവാർ; 53 ൽ 43 പേരും അജിത്തിനൊപ്പമെന്ന് ബിജെപി

മഹാരാഷ്ട്രയിലെ അപ്രതീക്ഷിത രാഷ്ട്രീയ അട്ടിമറി പ്രതിപക്ഷത്തെ ഞെട്ടിച്ചിരിക്കുകയാണ്. എന്നാൽ എൻസിപിയിൽ കളി മാറിയത് ശരദ് പവാർ നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നോ എന്നതാണ് ഇപ്പോഴത്തെ ചോദ്യം? ദിവസങ്ങൾക്ക് മുമ്പ് ശരദ് പവാർ അജിത് പവാറിനെ മാറ്റിനിർത്തി മകൾ സുപ്രിയ സുലെയെ പാർട്ടിയുടെ വർക്കിംഗ് പ്രസിഡന്റാക്കിയിരുന്നു. പ്രതിപക്ഷ നേതാവിന്റെ ചുമതല വഹിക്കുന്നതിനാലാണ് അജിത് പവാറിന് ചുമതല നൽകാത്തതെന്നും അദ്ദേഹം വ്യക്തമാക്കി. എൻസിപിയെ പിളർത്തി അജിത് പവാര്‍ ഭരണപക്ഷത്തേക്ക് മാറിയതിന് പിന്നാലെ, നീക്കത്തെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്നാണ് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാർ പറയുന്നത്.

പ്രതിപക്ഷനേതാവെന്ന നിലയില്‍ പാര്‍ട്ടി എംഎല്‍എമാരുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ അജിത് പവാറിന് അവകാശമുണ്ടെന്ന് ശരദ് പവാര്‍ പറഞ്ഞു. മന്ത്രിസഭയുടെ ഭാഗമാകുന്നതിന് മുമ്പ് മുംബൈയിലെ ഔദ്യോഗികവസതിയില്‍ പാര്‍ട്ടി എംഎല്‍എമാരുമായും പാര്‍ട്ടി നേതാക്കളുമായും അജിത് പവാര്‍ നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് തനിക്ക് കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നും ശരദ് പവാര്‍ അറിയിച്ചു. അതേസമയം എൻസിപിയിൽ നിന്ന് വേർപിരിയാനുള്ള അജിത് പവാറിന്റെ തീരുമാനത്തെ കുറിച്ച് ശരദ് പവാർ മകൾ സുപ്രിയ സുലെയോട് സംസാരിച്ചതായി വൃത്തങ്ങൾ അറിയിക്കുന്നു. അജിത്തിനെ പിന്തുണയ്ക്കുന്ന 80 ശതമാനം എംഎൽഎമാരും പാർട്ടിയിലേക്ക് മടങ്ങിവരുമെന്ന് ശരദ് പവാർ ആത്മവിശ്വാസം പ്രകടിപ്പിച്ചതായും വൃത്തങ്ങൾ പറയുന്നു.

എന്നാൽ, മഹാരാഷ്ട്ര നിയമസഭയിൽ എൻസിപിയുടെ ആകെയുള്ള 53 എംഎൽഎമാരിൽ 43 പേരുടെ പിന്തുണ അജിത്തിനുണ്ടെന്നാണ് ഭാരതീയ ജനതാ പാർട്ടി അവകാശപ്പെടുന്നത്. 29 എംഎല്‍എമാരുമായാണ് അജിത് പവാര്‍ എന്‍സിപി വിട്ട് ഭരണപക്ഷത്തേക്ക് മാറിയത്. അജിത് പവാറിന് പുറമേ എട്ട് എൻസിപി എംഎൽഎമാർ മുംബൈയിലെ രാജ്ഭവനിൽ നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. ഇതിന് പിന്നാലെയാണ് അജിത് പവാറിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ച് ശരദ് പവാറിന് സൂചന ലഭിച്ചിരുന്നതായി ഊഹാപോഹങ്ങൾ പ്രചരിക്കുന്നത്. പാർട്ടിയുടെ സ്ഥാപക ദിനത്തോടനുബന്ധിച്ച് എൻസിപി അധ്യക്ഷൻ ശരദ് പവാർ വലിയൊരു ചുവടുവെപ്പ് നടത്തിയിരുന്നു എന്നത് ശ്രദ്ധേയമാണ്.

പരിചയസമ്പന്നനായ ശരദ് തന്റെ അനന്തരവന്റെ രാഷ്ട്രീയ മോഹം തിരിച്ചറിഞ്ഞിരുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. 2019 ലും അജിത് പവാർ വിമതനായി, എന്നാൽ പിന്നീട് ശരദ് പവാർ കാര്യങ്ങൾ മാറ്റിമറിച്ചു. പക്ഷേ, പ്രായം കൂടുന്തോറും ഇതുപോലൊന്ന് ആവർത്തിച്ചാൽ കളി മാറ്റാൻ കഴിയില്ലെന്ന് ഇപ്പോൾ അദ്ദേഹത്തിന് മനസ്സിലായി എന്നുവേണം പറയാൻ. അതുകൊണ്ടാവാം സുപ്രിയ സുലെയെ പാർട്ടിയുടെ വർക്കിംഗ് പ്രസിഡന്റായി അദ്ദേഹം നേരത്തെ തന്നെ കിരീടമണിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *