Friday, January 10, 2025
Kerala

വയനാട് പനമരത്ത് കിണർ ഇടിഞ്ഞു താഴ്ന്നു

വയനാട് പനമരത്ത് കിണർ ഇടിഞ്ഞു താഴ്ന്നു. നീരാട്ടാടി മഠത്തിൽ വളപ്പിൽ സഫീറ മുഹമ്മദ് കുട്ടിയുടെ വീട്ടുവളപ്പിലെ കിണറാണ് ഇടിഞ്ഞ് താഴ്ന്നത്. കിണറിന്റെ അകത്ത് നിന്ന് വെള്ളം തിളച്ച് മറിയുന്ന ശബ്ദം കേൾക്കുന്നതായി വിട്ടുകാർ പറയുന്നു.

മലപ്പുറത്ത് ഖനനത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ക്വാറികൾ ഉൾപെടെയുള്ള എല്ലാ ഖനനവും നിർത്തിവെക്കാൻ മലപ്പുറം ജില്ലാ കലക്ടർ ഉത്തരവിട്ടു. മഴ ശക്തമാക്കുന്ന പശ്ചത്തലത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.

അതേസമയം, കല്ലാർകുട്ടി ഡാമിൻറെ ഒരു ഷട്ടർ കൂടി തുറന്നു. പുറത്തേക്ക് ഒഴുക്കി വിടുന്ന ജലത്തിൻ്റെ അളവ് കൂട്ടി. രണ്ടു ഷട്ടറും കൂടി 90 സെൻറീമീറ്റർ ആണ് തുറന്നിരിക്കുന്നത്. അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന ജലത്തിൻറെ അളവ് കൂടിയതിനാലാണ് കൂടുതൽ ഒരു ഷട്ടർ കൂടി തുറന്നത്.

സംസ്ഥാനത്ത് ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അവധി. കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, തൃശൂർ, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. കാസർഗോഡും ഇടുക്കിയിലും പ്രൊഫഷണൽ കോളജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. പത്തനംതിട്ടയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾ അവധിയായിരിക്കും.

സംസ്ഥാനത്ത് ഇന്ന് പരക്കെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളിൽ മഴമുന്നറിയിപ്പ് നൽകി. കൊല്ലത്ത് യല്ലോ അലേർട്ടും 12 ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ മഴ കനക്കും.

നാളെ 11 ജില്ലകളിൽ മഴമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ജാഗ്രത തുടരും. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള -കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുന്നു. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

കനത്ത മഴയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ഗവിയിലേക്ക് സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഇനി ഒരു അറിയിപ്പുണ്ടാകുന്ന വരെ ഗവിയിലേക്ക് സഞ്ചാരികളെ കടത്തിവിടില്ല. സംസ്ഥാനത്ത് 9 ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *