നീറ്റ് പരീക്ഷാഫലത്തിൽ കൃത്രിമം കാട്ടി തുടർ പഠനത്തിനു ശ്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങിയേക്കും
നീറ്റ് പരീക്ഷാഫലത്തിൽ കൃത്രിമം കാട്ടി തുടർ പഠനത്തിനു ശ്രമിച്ചതിനെ തുടർന്ന് അറസ്റ്റിലായ ഡി.വൈ.എഫ്.ഐ. പ്രവർത്തകൻ സമിഖാനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയേക്കും. തിങ്കളാഴ്ച്ച തന്നെ സമീഖാനിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് കോടതിയെ സമീപിച്ചെങ്കിലും കേസ് ഇന്നത്തേക്ക് മാറ്റി വെക്കുകയായിരുന്നു.
2022ലെ നീറ്റ് പരീക്ഷയിൽ 16 മാർക്ക് കിട്ടിയ സമിഖാൻ ഇത് തിരുത്തി 468 മാർക്ക് ആക്കുകയായിരുന്നു. പിന്നീട് തുടർപഠനത്തിന് പ്രവേശനം കിട്ടുന്നില്ലെന്ന് കാട്ടി ഇയാൾ തന്നെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചതോടെയാണ് അന്വേഷിക്കാൻ കോടതി നിർദ്ദേശിച്ചത്. ഈ അന്വേഷണത്തിലാണ് സമിഖാന്റെ തട്ടിപ്പു കണ്ടെത്തിയത്. പ്രവേശനം നേടാൻ പരീക്ഷഫലം കൃത്രിമമായി സമിഖാൻ നിർമ്മിച്ചെന്ന് കണ്ടെത്തിയതിന് പിന്നാലെ ഇയാളുടെ അറസ്റ്റ് ചിതറ പൊലീസ് രേഖപ്പെടുത്തുകയായിരുന്നു.