Sunday, December 29, 2024
National

സാമ്പത്തിക ബുദ്ധിമുട്ട്: ഒഡീഷയിൽ യുവതി പെൺകുഞ്ഞിനെ 800 രൂപയ്ക്ക് വിറ്റു, 4 പേർ അറസ്റ്റിൽ

ദാരിദ്ര്യവും തൊഴിലില്ലായ്മയും പലപ്പോഴും ചില കടുത്ത തീരുമാനങ്ങൾ എടുക്കാൻ മനുഷ്യരെ പ്രേരിപ്പിക്കാറുണ്ട്. ഇത്തരത്തിൽ, സാമ്പത്തിക ബുദ്ധിമുട്ട് കാരണം 8 മാസം പ്രായമുള്ള പെൺകുഞ്ഞിനെ 800 രൂപയ്ക്ക് വിറ്റ ആദിവാസി യുവതിയുടെ വാർത്തയാണ് ഒഡീഷയിൽ നിന്ന് പുറത്ത് വരുന്നത്. രണ്ടാം തവണയും പെൺകുഞ്ഞ് ജനിച്ചതിൽ അസന്തുഷ്ടയായ യുവതി മകളെ മറ്റൊരു ദമ്പതികൾക്ക് വിൽക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലെ ഖുന്തയിലാണ് സംഭവം. കരാമി മുർമു എന്ന സ്ത്രീയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കരാമിയുടെ ഭർത്താവ് തമിഴ്നാട്ടിൽ ദിവസ വേതനത്തിന് ജോലി ചെയ്യുന്ന ആളാണ്. ഇവർക്ക് രണ്ട് പെൺമക്കളുണ്ട്. ഇതിൽ 8 മാസം പ്രായമുള്ള ഇളയ മകളെയാണ് കരാമി 800 രൂപയ്ക്ക് വിറ്റത്. ഭർത്താവ് അറിയാതെയാണ് മകളെ വിറ്റതെന്നും പൊലീസ് പറയുന്നു. രണ്ടാം തവണയും പെൺകുഞ്ഞുണ്ടായതിൽ യുവതി അസന്തുഷ്ടയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

തന്റെ പെൺമക്കളെ വളർത്തുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ അയൽവാസിയായ മഹി മുർമുവുമായി കരാമി പങ്കുവെക്കാറുണ്ടായിരുന്നു. കുഞ്ഞിനെ ബിപ്രചരൺപൂർ ഗ്രാമത്തിലെ ഫുലാമണി-അഖിൽ മറാണ്ടി ദമ്പതികൾക്ക് 800 രൂപയ്ക്ക് വിൽക്കാൻ ഇടനില നിന്നത് മഹി മുർമുവാണെന്ന് പൊലീസ് കണ്ടെത്തി. തമിഴ്‌നാട്ടിൽ നിന്ന് വീട്ടിലെത്തി ഭർത്താവ് മുസു മുർമു രണ്ടാമത്തെ മകളെക്കുറിച്ച് അന്വേഷിച്ചപ്പോൾ കുട്ടി മരിച്ചുവെന്നാണ് ഇവർ പറഞ്ഞത്. പിന്നീട് അയൽവാസികൾ പറഞ്ഞാണ് ഇയാൾ കാര്യങ്ങൾ അറിഞ്ഞത്.

പിന്നീട് ഇയാൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് മുസുവിന്റെ ഭാര്യയെയും കുഞ്ഞിനെ വാങ്ങിയ ദമ്പതികളെയും അയൽവാസിയേയും പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ രക്ഷിച്ച് ചൈൽഡ് കെയറിലേക്ക് മാറ്റിയതായി മയൂർഭഞ്ച് പൊലീസ് സൂപ്രണ്ട് ബട്ടുല ഗംഗാധർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *