ഡ്രൈവര്‍മാരെ കാറില്‍ ഉറക്കരുത്; വിശ്രമിക്കാനും ഉറങ്ങാനും ഹോട്ടലുകള്‍ മുറികളൊരുക്കണം; തമിഴ്‌നാട് സര്‍ക്കാര്‍
അതിഥികള്‍ക്കൊപ്പം ഹോട്ടലില്‍ എത്തുന്ന കാര്‍ ഡ്രൈവര്‍മാര്‍ക്ക് വിശ്രമിക്കാനും ഉറങ്ങാനും മുറി നല്‍കണമെന്ന നിർദേശവുമായി തമിഴ്നാട് സര്‍ക്കാര്‍. 2019- ലെ കെട്ടിട നിര്‍മാണ ചട്ടവ്യവസ്ഥകള്‍ ഭേദഗതി ചെയ്തു കൊണ്ടാണ് നിര്‍ദേശം. ഹോട്ടലിലെ കാര്‍ പാര്‍ക്കിങ് സൗകര്യത്തിന് അനുസരിച്ച് തന്നെ കിടക്കകള്‍ വേണമെന്നും നിര്‍ദേശിക്കുന്നു. ഒരു കാറിന് ഒരു കിടക്ക നിര്‍ബന്ധമാക്കും. നിലവില്‍ ഹോട്ടലില്‍ സ്ഥലമില്ലെങ്കില്‍ 250 മീറ്റര്‍ അടുത്ത് തന്നെ വിശ്രമസൗകര്യം ഒരുക്കി നല്‍കണം.
ഇനി മുതല്‍ പ്ലാനുകള്‍ക്ക് അനുമതി ലഭിക്കണമെങ്കില്‍ ഹോട്ടലില്‍ ഈ സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും നിര്‍ദേശിക്കുന്നുണ്ട്. അതിഥികളുമായി എത്തുന്ന ഡ്രൈവര്‍മാര്‍ കാറില്‍ തന്നെ കിടന്ന് ഉറങ്ങേണ്ട അവസ്ഥയുണ്ട്. ഡ്രൈവര്‍മാര്‍ക്ക് മതിയായ വിശ്രമവും ഉറക്കവും ഇല്ലാത്തത് വാഹനാപകടങ്ങളുടെ എണ്ണം കൂടാനും കാരണമാകുന്നു എന്ന് കണ്ടെത്തിയാണ് കണ്ടെത്തിയാണ് സര്‍ക്കാര്‍ ഇടപെടല്‍. എത്ര കാറുകള്‍ക്കാണോ പാര്‍ക്കിങ് ഉള്ളത് അത് അനുസരിച്ചുള്ള കിടക്കകളും ഹോട്ടലില്‍ വേണം.
എട്ട് കിടക്കകള്‍ വീതമുള്ള ഡോര്‍മെട്രികള്‍ ഡ്രൈവര്‍മാര്‍ക്കായി ഒരുക്കണം. ഡോര്‍മെട്രികളില്‍ ശുചിമുറി, കുളിമുറി സൗകര്യങ്ങളും ഉറപ്പാക്കണം. ദീര്‍ഘദൂരം യാത്ര നടത്തുന്നവര്‍ രാത്രി ഹോട്ടലില്‍ മുറിയെടുക്കുമ്പോള്‍ കാര്‍ ഡ്രൈവര്‍മാര്‍ കാറില്‍ തന്നെ വിശ്രമിക്കുന്ന രീതി ഒഴിവാക്കാനാണ് ഈ ഉത്തരവ്.