സാമ്പത്തിക പ്രതിസന്ധി: രാജസ്ഥാനിൽ ദമ്പതികൾ കുഞ്ഞിനെ കനാലിലെറിഞ്ഞ് കൊന്നു
രാജസ്ഥാനിലെ ബിക്കാനീർ ജില്ലയിൽ ദമ്പതികൾ ചേർന്ന് മൂന്നര മാസം പ്രായമുള്ള മകളെ കനാലിലെറിഞ്ഞ് കൊന്നു. മൂന്ന് കുട്ടികളുള്ള ദമ്പതികൾ സാമ്പത്തിക പരാധീനത മൂലമാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് ഛത്തർഗഡ് പൊലീസ് പറയുന്നത്. പ്രതികളായ കൻവർലാൽ (35), ഭാര്യ ഗീതാദേവി(33) എന്നിവരെ കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ ബൈക്കിൽ വന്ന ദമ്പതികൾ കുഞ്ഞിനെ കനാലിലേക്ക് വലിച്ചെറിയുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പൊലീസിനോട് പറഞ്ഞു. നാട്ടുകാർ നിലവിളിച്ചതിനെ തുടർന്ന് ദമ്പതികൾ രക്ഷപ്പെട്ടു. കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയും ദമ്പതികളെ കണ്ടെത്താൻ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
സംഭവസ്ഥലത്ത് നിന്ന് 20 കിലോമീറ്റർ അകലെയായി ബൈക്ക് കണ്ടെടുത്തു. തുടർ അന്വേഷണത്തിൽ കോളയാട് തഹസിൽ ദിയാത്ര ഗ്രാമത്തിൽ നിന്ന് ദമ്പതികളെ പിടികൂടി. തുടർ നടപടികൾക്കായി ഛത്തർഗഡ് പൊലീസിന് കൈമാറിയെന്നും ബിക്കാനീർ പൊലീസ് സൂപ്രണ്ട് യോഗേഷ് യാദവ് രാജസ്ഥാൻ തക്കിനോട് പറഞ്ഞു. മൂന്നര മാസം പ്രായമുള്ള കുഞ്ഞിന് പുറമെ എട്ട്, പത്ത്, മൂന്ന് വയസ് പ്രായമുള്ള മൂന്ന് കുട്ടികൾ കൂടി ദമ്പതികൾക്ക് ഉണ്ടായിരുന്നതായും യാദവ് കൂട്ടിച്ചേർത്തു.