മൊബൈൽ മോഷ്ടിച്ചതിന് പരാതി നൽകി, പ്രതികാരം ചെയ്യാൻ 16 കാരൻ 58 കാരിയെ കൊലപ്പെടുത്തി, മൃതദേഹത്തെ പീഡിപ്പിച്ചു
മധ്യപ്രദേശിലെ രേവ ജില്ലയിൽ 16 കാരൻ 58 കാരിയെ കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം പ്രതി മൃതദേഹത്തെ ബലാത്സംഗം ചെയ്തു. സംഭവ ശേഷം ഇയാൾ മൃതദേഹം കുഴിച്ചിട്ടു. ഫെബ്രുവരി ഒന്നിന് ജില്ലയിലെ ഹനുമാൻ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗ്രാമത്തിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്.
58 കാരിയായ സ്ത്രീയുടെ ഭർത്താവും മകനും 15 ദിവസമായി നഗരത്തിന് പുറത്ത് പോയിരുന്നു. ജനുവരി 30ന് രാത്രി പ്രതി യുവതിയുടെ വീട്ടിൽ കയറി. വായിൽ തുണി തിരുകിയ ശേഷം സ്ത്രീയെ അടുത്തുള്ള ഒരു കെട്ടിടത്തിൽ എത്തിച്ച ശേഷമായിരുന്നു കൊലപാതകം. തലയിലും മറ്റ് ശരീരഭാഗങ്ങളിലും വടി കൊണ്ട് ഇടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തി. മൃതദേഹം ബലാത്സംഗം ചെയ്യുകയും സ്വകാര്യ ഭാഗങ്ങളിൽ അരിവാൾ ഉപയോഗിച്ച് മുറിവുണ്ടാക്കുകയും ചെയ്തു.
പിന്നാലെ യുവതിയുടെ ആഭരണങ്ങളും 1000 രൂപയുമായി പ്രതി രക്ഷപ്പെട്ടു. രണ്ട് വർഷം മുമ്പ് കുട്ടി മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് യുവതിയുടെ വീട്ടുകാർ ആരോപിച്ചിരുന്നുവെന്നും അതിന് പ്രതികാരം ചെയ്യാനാണ് കൊലപാതകമെന്നും പൊലീസ് അറിയിച്ചു. 16 വയസ്സുള്ള കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.