അദാനി വിഷയത്തിൽ നാളെ പാർലമെന്റിന് അകത്തും പുറത്തും പ്രതിഷേധം സംഘടിപ്പിയ്ക്കാൻ കോൺഗ്രസ്
അദാനി വിഷയത്തിൽ നാളെ പാർലമെന്റിന് അകത്തും പുറത്തും പ്രതിഷേധം സംഘടിപ്പിയ്ക്കാൻ കോൺഗ്രസ് തിരുമാനം. എൽ.ഐ.സി, എസ്.ബി.ഐ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്ത് അദാനി ഗ്രൂപ്പിനെ കേന്ദ്ര സർക്കാർ വഴിവിട്ട് സഹായിച്ചു എന്ന ആരോപണം ഉയർത്തിയാകും പ്രതിഷേധം.
വിഷയത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് രാജ്യവ്യാപകമായി ജില്ലാതലങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി അറിയിച്ചു. സുപ്രിം കോടതി ചീഫ് ജസ്റ്റിസിന്റെ കീഴിൽ നിഷ്പക്ഷമായോ സംയുക്ത പാർലമെന്ററി സമിതിയുടെ മേൽനോട്ടത്തിലോ അന്വേഷണം നടത്തണം എന്നതാണ് മുഖ്യ ആവശ്യം. നിക്ഷേപർക്ക് സംരക്ഷണം ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം, എൽ.ഐ.സി., എസ്.ബി.ഐ, മറ്റ് ബാങ്കുകൾ എന്നിവയെ നിർബന്ധിച്ച് ആദാനി ഗ്രൂപ്പിൽ ഓഹരി നിക്ഷേപിക്കാനുണ്ടായ സാഹചര്യം പാർലമെന്റിൽ ചർച്ചചെയ്യണം എന്നിവയാണ് കോൺഗ്രസിന്റെ മറ്റ് ആവശ്യങ്ങൾ. രാജ്യവ്യാപകമായി ജില്ലാതലത്തിൽ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധ മാർച്ചും ധർണ്ണയും ആകും കോൺഗ്രസ് സംഘടിപ്പിക്കുക. പാർലമെന്റിൽ ഇതേ വിഷയത്തിൽ നാളെ കോൺഗ്രസ് അടിയന്തിര പ്രമേയങ്ങൾക്കും നോട്ടിസ് നൽകും. സഭ നിർത്തി വച്ച് അദാനി വിഷയം ചർച്ച ചെയ്യണമെന്ന ആവശ്യമാവും ഉന്നയിക്കുക.