അദാനി ഓഹരി വിവാദത്തില്‍ പ്രതിപക്ഷ പ്രതിഷേധം തുടരുന്നു; പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും
പാര്‍ലമെന്റിന്റെ ഇരു സഭകളും ഇന്നും പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് പ്രക്ഷുബ്ധമാകും. അദാനി ഓഹരി വിവാദത്തില്‍ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. പ്രതിഷേധം കനത്താല്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയചര്‍ച്ച അടക്കം വൈകാനാണ് സാധ്യത.
കഴിഞ്ഞ ദിവസം 13 മിനിറ്റില്‍ താഴെ മാത്രമാണ് പാര്‍ലമെന്റിന്റെ ഇരു സഭകള്‍ക്കും സമ്മേളിക്കാന്‍ കഴിഞ്ഞത്. അദാനി ഓഹരി വിവാദത്തില്‍ ആയുധമാക്കുകയാണ് പ്രതിപക്ഷം. വിഷയം പാര്‍ലമെന്റിന്റെ ഇരു സഭകളും നടപടികള്‍ നിര്‍ത്തി വെച്ചു ചര്‍ച്ച ചെയ്യണ ആവശ്യം പ്രതിപക്ഷം ഇന്നും ഉന്നയിക്കും. വിവാദം അന്വേഷിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതി, അല്ലെങ്കില്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
ബിബിസി ഡോക്യുമെന്ററി വിവാദവും, രാജ്യത്തെ തൊഴിലില്ലായ്മ വിലക്കയറ്റം എന്നീ വിഷയങ്ങളും ഭരണപക്ഷത്തിനെതിരെ പ്രതിപക്ഷം ആയുധമാക്കും.
13 പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. പ്രതിഷേധം കനക്കുന്നത് നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയചര്‍ച്ച, ബജറ്റിന്മേലുള്ള ചര്‍ച്ച എന്നിവ വൈകിപ്പിക്കും. വിഷയങ്ങള്‍ ഉന്നയിക്കാം, എന്നാല്‍ സഭ തടസപ്പെടുത്തരുത് എന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ നിലപാട്.