ഒവൈസിക്ക് നേരെയുണ്ടായ വെടിവെപ്പ്; യുപിയിൽ രണ്ട് പേർ അറസ്റ്റിൽ
യുപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയുടെ വാഹനത്തിന് നേരെ വെടിവെപ്പുണ്ടായ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. നോയിഡ സ്വദേശി സച്ചിൻ, സഹരാൻപൂർ സ്വദേശി ശുഭം എന്നിവരാണ് അറസ്റ്റിലായത്. കൊലപാതക ശ്രമം ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
രാമജന്മഭൂമിയെക്കുറിച്ചും ഒരു വിഭാഗത്തെക്കുറിച്ചും ഒവൈസി നടത്തിയ പരാമർശങ്ങളിൽ സച്ചിനും ശുഭവും അസ്വസ്ഥരായിരുന്നുവെന്ന് എഡിജിപി പ്രശാന്ത് കുമാർ പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്നും കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നും എഡിജിപി പറഞ്ഞു
ഒവൈസിയുടെയും സഹോദരൻ അക്ബറുദ്ദീന്റെയും പരാമർശങ്ങളാണ് ഇവരെ ചൊടിപ്പിച്ചത്. സമൂഹ മാധ്യമങ്ങളിൽ ഇവർ ഒവൈസിയുടെ പ്രസംഗങ്ങൾ കേൾക്കാറുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വ്യാഴാഴ്ച വൈകുന്നേരമാണ് ഒവൈസിയുടെ വാഹനത്തിന് നേർക്ക് വെടിവെപ്പുണ്ടായത്. രണ്ട് ബുള്ളറ്റുകൾ കാറിൽ തറച്ചു. നാല് റൗണ്ട് വെടിയുതിർന്നു.