ഇന്ത്യ എന്റെ ജീവിതത്തിന്റെ ഭാഗമാണ്, എവിടെപ്പോയാലും ഞാനത് ഒപ്പം കൂട്ടും’; പത്മഭൂഷന്റെ നിറവില്‍ സുന്ദര്‍ പിച്ചൈ
ഗൂഗിളിന്റേയും ആല്‍ഫബെറ്റിന്റേയും സിഇഒ സുന്ദര്‍ പിച്ചൈയ്ക്ക് മൂന്നാമത് പരമോന്നത ബഹുമതിയായ പത്മ ഭൂഷണ്‍ നല്‍കി ആദരിച്ച് രാജ്യം. ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ വിഭാഗത്തിലാണ് ബഹുമതി. വെള്ളിയാഴ്ച അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ വച്ചുനടന്ന ചടങ്ങില്‍ വച്ചാണ് പിച്ചൈ പുരസ്‌കാരം ഏറ്റുവാങ്ങിയത്.
ഈ വലിയ അംഗീകാരത്തിന് എല്ലാ ഇന്ത്യക്കാരോടും കേന്ദ്രസര്‍ക്കാരിനോടും നന്ദി പറയുന്നതായി സുന്ദര്‍ പിച്ചൈ പറഞ്ഞു. ഇന്ത്യ തന്റെ ജീവിതത്തിന്റെ ഭാഗമാണെന്നും ലോകത്തെവിടെയായാലും അത് താന്‍ ഒപ്പം കൊണ്ടുനടക്കുമെന്നും പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം പിച്ചൈ പറഞ്ഞു.
എന്നെ ഞാനാക്കിയ രാജ്യത്തില്‍ നിന്നും ഈ വലിയ ബഹുമതി ഏറ്റുവാങ്ങുന്ന ഈ മുഹൂര്‍ത്തം അവിശ്വസനീയമായ വിധത്തില്‍ അര്‍ത്ഥവത്താണെന്ന് ഞാന്‍ കരുതുന്നു. അറിവിനെ ആഘോഷിക്കുന്ന ഒരു കുടുംബത്തില്‍ പിറന്നതും എനിക്ക് ഇഷ്ടമുള്ള കാര്യങ്ങളില്‍ അവസരങ്ങള്‍ നഷ്ടമാകാതിരിക്കാനായി എന്ത് ത്യാഗവും സഹിക്കാന്‍ തയാറായ മാതാപിതാക്കളെ കിട്ടിയതുമാണ് എന്റെ ഏറ്റവും വലിയ അനുഗ്രഹം. പിച്ചൈ പറഞ്ഞു. സാങ്കേതിക വിദ്യയുടെ വികാസത്തിന് പ്രാധാന്യം നല്‍കുന്ന നരേന്ദ്രമോദി സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.