Tuesday, April 15, 2025
National

സ്കൂള്‍ ബസ്സില്‍ ആറ് വയസ്സുകാരിയെ പീഡിപ്പിച്ചു; സീനിയര്‍ വിദ്യാര്‍ത്ഥി പിടിയില്‍

ദില്ലി: ആറ് വയസ്സുകാരിയെ സ്കൂള്‍ ബസ്സില്‍ വെച്ച് സീനിയര്‍ വിദ്യാര്‍ത്ഥി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. വടക്കുപടിഞ്ഞാറൻ ദില്ലിയിലെ രോഹിണിയിലാണ് സംഭവം. പ്രതിയെ പിടികൂടിയെന്ന് പൊലീസ് പറഞ്ഞു.

ഓഗസ്റ്റ് 23ന് സ്കൂള്‍ ബസ്സില്‍ നിന്നിറങ്ങിയ മകളുടെ ബാഗ് മൂത്രം വീണ് നനഞ്ഞിരിക്കുന്നതായി കണ്ടെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. ഇത് സംബന്ധിച്ച് അമ്മ അന്വേഷിച്ചതോടെയാണ് കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്ന് മനസ്സിലായത്. ഇതേ സ്കൂളിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥിയാണ് പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി പറഞ്ഞു.

സീനിയര്‍ വിദ്യാര്‍ത്ഥിക്കെതിരെ കുട്ടിയുടെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354, 228 എ, പോക്‌സോ നിയമത്തിലെ 10/21 എന്നിവ പ്രകാരം ബേഗംപൂർ പൊലീസ് കേസെടുത്തു. പ്രതിയെ പിടികൂടിയെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.

അതിനിടെ സംഭവത്തിന്‍റെ വിവരങ്ങൾ തേടി ദില്ലി വനിതാ കമ്മീഷൻ (ഡിസിഡബ്ല്യു) രോഹിണി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർക്ക് നോട്ടീസ് അയച്ചു. എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിലെ കാലതാമസത്തിനുള്ള കാരണം ഡിസിഡബ്ല്യു ആരാഞ്ഞു, രജിസ്റ്റർ ചെയ്ത എഫ്‌ഐആറിന്റെ പകർപ്പും ഡിസിഡബ്ല്യു ആവശ്യപ്പെട്ടിട്ടുണ്ട്.

പീഡന വിവരം അറിഞ്ഞിട്ടും റിപ്പോർട്ട് ചെയ്യാത്തതിനും കുട്ടിയെ തിരിച്ചറിയും വിധം വിവരങ്ങള്‍ പരസ്യമാക്കിയതിനും സ്‌കൂൾ മാനേജർ, പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, സ്‌കൂള്‍ അധികൃതർ എന്നിവർക്കെതിരെ പോക്‌സോ നിയമ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്നും വനിതാ കമ്മീഷൻ പൊലീസിനോട് ചോദിച്ചു. പരാതി പിന്‍വലിക്കാന്‍ സ്കൂള്‍ അധികൃതര്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് കുട്ടിയുടെ അമ്മ പറഞ്ഞതായി ദില്ലി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ സമൂഹ മാധ്യമമായ എക്സില്‍ പറഞ്ഞു-

“ദില്ലിയില്‍ സ്‌കൂൾ ബസിൽ വച്ച് ആറ് വയസുകാരിയെ സീനിയര്‍ വിദ്യാര്‍ത്ഥി ലൈംഗികമായി പീഡിപ്പിച്ചു. പരാതി പിൻവലിക്കാൻ സ്കൂള്‍ അധികൃതര്‍ സമ്മർദ്ദം ചെലുത്തുന്നതായി പെൺകുട്ടിയുടെ അമ്മ ഞങ്ങളോട് പറഞ്ഞു. സംഭവത്തിൽ ദില്ലി പൊലീസിന് നോട്ടീസ് നൽകിയിട്ടുണ്ട്. സ്‌കൂളിനെതിരെയും കർശന നടപടി സ്വീകരിക്കണം”.

Leave a Reply

Your email address will not be published. Required fields are marked *