വിദ്യാര്‍ത്ഥി തെറിച്ചുവീണ സംഭവത്തില്‍ അപകടമുണ്ടാക്കിയ ബസ് പിടിച്ചെടുത്തു; ഡ്രൈവര്‍ക്കെതിരെ നടപടി
കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍ നിന്ന് വിദ്യാര്‍ത്ഥി തെറിച്ചുവീണ സംഭവത്തില്‍ നടപടിയുമായി പൊലീസും മോട്ടോര്‍ വാഹന വകുപ്പും. അപകടമുണ്ടാക്കിയ ബസ് പൊലീസ് പിടിച്ചെടുത്തു. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് കോട്ടയം ആര്‍ടിഒ വ്യക്തമാക്കി.
രണ്ട് കേസുകളാണ് ബസിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വാഹനത്തിന്റെ, ഡ്രൈവര്‍ നിയന്ത്രിക്കുന്ന ഓട്ടോമാറ്റിക് ഡോര്‍ തുറന്നിട്ടതിന് ബസുടമയ്‌ക്കെതിരെ കേസെടുക്കും. അമിത വേഗതയില്‍ ബസോടിച്ചതിനാണ് മറ്റൊരു കേസ്. ഉച്ചയോടെ ചിങ്ങവനം പൊലീസ് കുട്ടിയുടെയും പിതാവിന്റെയും വീട്ടിലെത്തി മൊഴിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കൈനടി കോട്ടയം റൂട്ടിലോടുന്ന ചിപ്പി എന്ന ബസ് പൊലീസ് പിടിച്ചെടുത്തത്.
കോട്ടയം പാക്കില്‍ കവലയില്‍ ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് അഭിരാം എന്ന വിദ്യാര്‍ത്ഥി ബസില്‍ നിന്ന് തെറിച്ചുവീണത്. സ്‌കൂള്‍ വിട്ട് ബസില്‍ മടങ്ങുകയായിരുന്ന കുട്ടി തന്റെ സ്റ്റോപ്പെത്തിയപ്പോള്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റുനിന്നു. ഇറങ്ങാനായി നീങ്ങി നിന്ന കുട്ടി വാതിലില്ലാത്തതിനാല്‍ വണ്ടി അമിത വേഗത്തില്‍ പാഞ്ഞപ്പോള്‍ റോഡിലേക്ക് വീഴുകയായിരുന്നു. വിദ്യാര്‍ത്ഥിക്ക് പരുക്കേറ്റിട്ടും ബസ് നിര്‍ത്താതെ കടന്നുപോയി.
കുട്ടിയുടെ മുന്‍വശത്തെ പല്ലുകള്‍ക്ക് പൊട്ടലുണ്ടെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. കുട്ടിയുടെ കൈയ്ക്കും പരുക്കേറ്റിട്ടുണ്ട്. മുഖത്ത് സ്റ്റിച്ചുമുണ്ട്. ബസ് ജീവനക്കാരുടെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടായെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തെത്തിയതോടെയാണ് ബസിനെതിരെയുള്ള നടപടികള്‍. കുട്ടി വീണ ശേഷം നിര്‍ത്താതെ പോയ ബസ് നാട്ടുകാര്‍ തടഞ്ഞിരുന്നു.