Monday, April 14, 2025
National

ഒഡീഷയില്‍ ഇടിമിന്നലേറ്റ് 10 മരണം, മൂന്ന് പേര്‍ക്ക് പരിക്ക്

ഭുവനേശ്വര്‍: ഒഡീഷയിലെ ആറ് ജില്ലകളില്‍ ഇടിമിന്നലേറ്റ് 10 പേര്‍ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ഭുവനേശ്വർ, കട്ടക്ക് എന്നിവയുൾപ്പെടെ ഒഡീഷയുടെ തീരപ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടിയ കനത്ത മഴ തുടരുകയാണ്.

ഖുർദ ജില്ലയിൽ നാല് പേരും ബൊലംഗീറിൽ രണ്ട് പേരും അംഗുൽ, ബൗധ്, ജഗത്സിംഗ്പൂർ, ധെങ്കനൽ എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് മരിച്ചതെന്ന് ദുരിതാശ്വാസ കമ്മീഷണറുടെ ഓഫീസ് അറിയിച്ചു. ഒഡീഷയുടെ പല ഭാഗങ്ങളിലും അടുത്ത നാല് ദിവസം ഇടിമിന്നലോടു കൂടിയ കനത്ത മഴ പെയ്യാനിടയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഒഡീഷയില്‍ ചുഴലിക്കാറ്റിനു പിന്നാലെ മണ്‍സൂണ്‍ ശക്തമായിരിക്കുകയാണ്. ഇരട്ട നഗരങ്ങളായ ഭുവനേശ്വറിലും കട്ടക്കിലും യഥാക്രമം 126 മില്ലീമീറ്ററും 95.8 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി. ഇടിമിന്നലുള്ള സാഹചര്യത്തിൽ ജനങ്ങൾ സുരക്ഷിതരായി ഇരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ബംഗാൾ ഉൾക്കടലിന്റെ വടക്ക് ഭാഗത്ത് ഇന്ന് പുതിയൊരു ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു. ഇതിന്റെ സ്വാധീനത്തിൽ തുടർന്നുള്ള 48 മണിക്കൂറിൽ ന്യൂനമർദമുണ്ടാകും. അതിനാല്‍ അടുത്ത മൂന്നോ നാലോ ദിവസം ഒഡീഷയില്‍ കനത്ത മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം.

Leave a Reply

Your email address will not be published. Required fields are marked *