കടുത്ത തീരുമാനത്തിലേക്ക് മുസ്ലിം ലീഗ്; നൂൽപ്പുഴയിൽ പിന്തുണ പിൻവലിക്കും, ഭീഷണിക്ക് മുന്നിൽ വഴിമുട്ടി കോൺഗ്രസ്
വയനാട്: വയനാട് നൂൽപ്പുഴ പഞ്ചായത്തിലെ മുസ്ലിം ലീഗ് – യുഡിഎഫ് ബന്ധം തുലാസിൽ. സ്ഥിരം സമിതി അധ്യക്ഷസ്ഥാനം മുൻധാരണ പ്രകാരം കൈമാറാത്തതാണ് ലീഗിനെ ചൊടിപ്പിച്ചത്. പദവി കൈമാറ്റം വൈകിയോടെ, പിന്തുണ പിൻവലിക്കുമെന്ന് ജില്ലാ കമ്മിറ്റി കോൺഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പ് നൽകി.
17 അംഗങ്ങളാണ് നൂൽപ്പുഴ ഗ്രാമപഞ്ചത്തിലുള്ളത്. ഒൻപത് അംഗങ്ങളാണ് യുഡിഎഫിനുള്ളത്. കോൺഗ്രസിന് അഞ്ചും ലീഗിന് നാലും വീതമാണ് പ്രതിനിധികൾ. മുസ്ലിം ലീഗ് പിന്തുണ പിൻവലിച്ചാൽ ഭരണം താഴെപ്പോകും. സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം കൈമാറാത്തതാണ് ലീഗിനെ കടുത്ത തീരുമാനത്തിലേക്ക് നയിക്കുന്നത്. മുൻ ധാരണ പ്രകാരം ലീഗ് പ്രതിനിധി ദിനേഷ് കുമാറിന് അധ്യക്ഷ സ്ഥാനം കിട്ടണം. എന്നാൽ, നിലവിലെ അധ്യക്ഷൻ ഗോപിനാഥ് പദവി കൈമാറാൻ തയ്യാറല്ല. ഇതോടെയാണ് ലീഗ് ജില്ലാ കമ്മിറ്റി യോഗം ചേർന്ന് പ്രാദേശിക ഘടകത്തിന് പിന്തുണ പിൻവലിക്കാൻ അനുമതി നൽകിയത്. ആവശ്യമെങ്കിൽ ജില്ലാ പഞ്ചായത്തിലടക്കം പിന്തുണ പിൻവലിക്കുമെന്ന ഭീഷണിയും ലീഗ് മുഴക്കി. തൊട്ടുപിന്നാലെ കെപിസിസി ഇടപെട്ടു. കെപിസിസി ജനറൽ സെക്രട്ടറിമാരായ പി എം നിയാസും ജമീല ആലിപ്പറ്റയും വയനാട്ടിലെത്തി ലീഗ് നേതാക്കളെ അനുനയിപ്പിച്ചു.