Thursday, January 2, 2025
National

അധ്യക്ഷപദത്തിലേക്ക് മത്സരിക്കാൻ ഉപാധി വച്ച് അശോക് ഗലോട്ട്

കോൺ​ഗ്രസ് അധ്യക്ഷപദത്തിലേക്ക് മത്സരിക്കാൻ ഉപാധി വച്ച് അശോക് ഗലോട്ട്. അധ്യക്ഷനായ് തെരഞ്ഞെടുക്കപ്പെട്ടാൽ രാജസ്ഥാൻ മുഖ്യമന്ത്രി പദത്തിൽ തുടരാൻ അനുവദിക്കണമെന്നാണ് ആവശ്യം. മുഖ്യമന്ത്രിപദം രാജിവയ്ക്കാൻ ആണ് നിർദേശമെങ്കിൽ താൻ നിർദേശിക്കുന്നയാളെ മുഖ്യമന്ത്രി ആക്കണമെന്നും അശോക് ഗലോട്ട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയാകുന്നത് തടയാനാണ് അശോക് ഗലോട്ടിന്റെ നീക്കം. തന്റെ നിലപാട് അശോക് ഗലോട്ട് ദേശീയ നേതൃത്വത്തോട് വ്യക്തമാക്കി. പ്രസിഡന്റാകാൻ സോണിയ ഗാന്ധി നേരിട്ട് ആവശ്യപ്പെട്ടെങ്കിലും അന്തിമ തീരുമാനമറിയിക്കാൻ ഗെലോട്ട് സമയമെടുക്കുന്നത് രാജസ്ഥാൻ രാഷ്ട്രീയത്തിൽ തനിക്കുള്ള സ്വാധീനം നിലനിർത്താനുള്ള നീക്കങ്ങൾക്കു കൂടി വേണ്ടിയാണെന്നാണു സൂചന. ഗലോട്ട് പ്രസിഡന്റായാൽ ഏറെ നാളായി ആഗ്രഹിക്കുന്ന മുഖ്യമന്ത്രി പദം തനിക്കു ലഭിക്കുമെന്ന പ്രതീക്ഷയിലാണു സച്ചിൻ. അതിനും ഗലോട്ട് തടയിട്ടാൽ, പ്രതിഷേധനീക്കമായി സച്ചിൻ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാനുള്ള സാധ്യത പോലും തള്ളിക്കളയാനാവില്ലെന്നു പാർട്ടി വൃത്തങ്ങൾ പറയുന്നു.

ജി 23 സംഘത്തിന്റെ മുൻനിര നേതാവായ ആനന്ദ് ശർമ ഉൾപ്പെടെയുള്ളവർ തരൂർ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്നതിനോടു യോജിപ്പാണ്. ഇക്കാര്യത്തിലുള്ള അന്തിമ തീരുമാനം തരൂർ ആണ് എടുക്കേണ്ടതെന്ന് ജി 23 വൃത്തങ്ങൾ പറഞ്ഞു. ദേശീയ നേതാക്കളുമായി തരൂർ വൈകാതെ ചർച്ച നടത്തും.

Leave a Reply

Your email address will not be published. Required fields are marked *