രാഹുലിന്റെ വിശ്വസ്തനായിരുന്ന അശോക് തൻവാറും കീർത്തി ആസാദും തൃണമൂൽ കോൺഗ്രസിലേക്ക്
ഹരിയാനയിലെ കോൺഗ്രസ് മുൻ അധ്യക്ഷനും രാഹുൽ ഗാന്ധിയുടെ വിശ്വസ്തനുമായിരുന്ന അശോക് തൻവാറും മുൻ ക്രിക്കറ്റ് താരം കീർത്തി ആസാദും തൃണമൂൽ കോൺഗ്രസിൽ ചേരുമെന്ന് റിപ്പോർട്ട്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഡൽഹിയിലെത്തിയ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ സാന്നിധ്യത്തിലാകും ഇവർ തൃണമൂൽ അംഗത്വമെടുക്കുക
2019 ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് അശോക് തൻവാർ കോൺഗ്രസ് വിട്ടത്. കോൺഗ്രസിന്റെ മുൻ എംപി കൂടിയായിരുന്നു. ഈ വർഷമാദ്യം അദ്ദേഹം സ്വന്തം പാർട്ടി രൂപീകരിച്ചിരുന്നു.
1983ലെ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലെ അംഗമായിരുന്ന കീർത്തി ആസാദ് നേരത്തെ ബിജെപിയിലായിരുന്നു. 2018ൽ കോൺഗ്രസിൽ ചേർന്നു. മൂന്ന് തവണ ലോക്‌സഭാംഗമായിട്ടുണ്ട്.