രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമണം; എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു
രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമണത്തില്‍ അച്ചടക്ക നടപടിയുമായി എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി. എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു. ഏഴംഗ അഡ്‌ഹോക് കമ്മിറ്റിക്ക് പകരം ചുമതല നല്‍കി.
ഇന്ന് തൃശൂരില്‍ ചേര്‍ന്ന എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. നിലവില്‍ എസ്എഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന എല്‍ദോസ് മത്തായി കണ്‍വീനറായി ഏഴംഗ അഡ് ഹോക്ക് കമ്മിറ്റിയെ ആണ് തീരുമാനിച്ചിട്ടുള്ളത്. രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസിലേക്ക് സംസ്ഥാന കമ്മിറ്റിയുടെ അറിവില്ലാതെ മാര്‍ച്ച് സംഘടിപ്പിക്കുകയും, സംഘടിപ്പിച്ച മാര്‍ച്ച് സംഘടനക്കാകെ പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടാക്കുന്ന വിധത്തില്‍ ആക്രമാസക്തമാകുകയും ചെയ്തതിനെ തുടര്‍ന്നാണ് നടപടിയെന്ന് നേതൃത്വം വിശദീകരിച്ചു.
കേസില്‍ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയും പ്രസിഡന്റും അടക്കം അറസ്റ്റിലായിരുന്നു. സിപിഐഎം നിര്‍ദേശ പ്രകാരമാണ് എസ്എഫ്‌ഐ നടപടി സ്വീകരിച്ചത്. എസ്എഫ്‌ഐ ആക്രമണത്തെ തള്ളി സിപിഐഎം നേരത്തെ രംഗത്തുവന്നിരുന്നു.
കല്‍പറ്റയിലെ തന്റെ ഓഫിസ് ആക്രമിച്ച എസ്എഫ്‌ഐ കുട്ടികളോട്? ദേഷ്യമോ ശത്രുതയോ ഇല്ലെന്നും ഉത്തരവാദിത്തമില്ലായ്മയാണ് അവര്‍ കാണിച്ചതെന്നും രാഹുല്‍ ഗാന്ധിയും നേരത്തെ പ്രതികരിച്ചിരുന്നു. തന്റെ ഓഫിസ് വയനാട്ടിലെ ജനങ്ങളുടേതാണ്. ഓഫിസ് ആക്രമണം ഒന്നിനും പരിഹാരമല്ല അദ്ദേഹം വ്യക്തമാക്കി. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തകര്‍ത്ത ഓഫിസ് സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു രാഹുലിന്റെ പ്രതികരണം.
തന്റെ ഓഫിസ് എന്നതിലുപരി വയനാട്ടിലെ ജനങ്ങളുടെ ശബ്ദമാവേണ്ട ഓഫിസാണ് ആക്രമിക്കപ്പെട്ടതെന്നത് ദൗര്‍ഭാഗ്യകരമാണ്. ഇതിനെ വലിയ സംഭവമായി കാണുന്നില്ല. ഇത്തരം പ്രവൃത്തികളുടെ അനന്തരഫലം എന്താവുമെന്ന് അവര്‍ ചിന്തിച്ചിട്ടുണ്ടാവില്ല. അവര്‍ക്ക് മാപ്പ്‌കൊടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ബഫര്‍സോണ്‍ ഉത്തരവില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു എസ്എഫ്‌ഐ അതിക്രമം. ഓഫിസിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറി സാധനങ്ങള്‍ അടിച്ചുതകര്‍ത്തു. എംപിയുടെ ഓഫിസിന്റെ ഷട്ടറുകള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തകര്‍ത്തു. ജനാലവഴി കയറിയ ചില പ്രവര്‍ത്തകര്‍ വാതിലുകളും തകര്‍ത്തു. ഫയലുകള്‍ വലിച്ചെറിഞ്ഞു. കസേരയില്‍ വാഴയും വച്ചശേഷമാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.
പൊലീസ് നോക്കി നില്‍ക്കേയായിരുന്നു എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ആക്രമണം. ആക്രമണത്തിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂടി എത്തിയതോടെ സ്ഥലത്ത് മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥയായിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഓഫിസ് സ്റ്റാഫ് അഗസ്റ്റിന്‍ പുല്‍പ്പള്ളിക്ക് ആക്രമണത്തില്‍ മര്‍ദനമേറ്റു. എസ്എഫ്‌ഐ പ്രവര്‍ത്തകരെ പറഞ്ഞയച്ചത് സിപിഎം ആണെന്നായിരുന്നു കോണ്‍ഗ്രസ് ആരോപണം, ആക്രമണത്തിന് പൊലീസ് ഒത്താശയുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
തുടര്‍ന്ന് സമരത്തെ അപലപിച്ച് മുഖ്യമന്ത്രി തന്നെ രംഗത്തെത്തി. അക്രമം അപലപനീയമെന്ന് പറഞ്ഞ മുഖ്യമന്ത്രി കര്‍ശന നടപടിക്കും നിര്‍ദേശം നല്‍കി. എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ സമരം തടയുന്നതില്‍ വീഴച വരുത്തിയ ഡിവൈഎസ്പിയെ അടക്കം സസ്‌പെന്‍ഡ് ചെയ്തായിരുന്നു സര്‍ക്കാര്‍ നടപടികളുടെ തുടക്കം. അന്വേഷണത്തിന് എഡിജിപി മനോജ് എബ്രഹാമിനെ ചുമതലപ്പെടുത്തുകയും ചെയ്തു, അക്രമ സംഭവവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ ജില്ലാ നേതാക്കളും പെണ്‍കുട്ടികളുമടക്കം 30ലേറെ പേര്‍ അറസ്റ്റിലായി.