കൊവിഡ് അവലോകന യോഗം വിളിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: കൊവിഡ് 19 രോഗബാധയുമായി ബന്ധപ്പെട്ട് രാജ്യത്തെ സ്ഥിതി വിലയിരുത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി അവലോകന യോഗം വിളിച്ചു. വാക്സിൻ വിതരണം ഉൾപ്പടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനാണ് പ്രധാനമന്ത്രി യോഗം വിളിച്ചു ചേർത്തത്.
ഈ മാസം ആദ്യം, കേന്ദ്ര സർക്കാർ തങ്ങളുടെ കൊവിഡ് വാക്സിൻ നയം മാറ്റിയിരുന്നു. ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന വാക്സിന്റെ 75 ശതമാനം സംഭരിക്കാനുള്ള അവകാശം കേന്ദ്രത്തിനാണ്. ബാക്കി 25 ശതമാനം സ്വകാര്യ ആശുപത്രികൾക്കായി നീക്കിവച്ചിട്ടുണ്ട്. ഇതുവരെ രാജ്യത്ത് 31 കോടിയിലധികം ഡോസ് വാക്സിൻ വിതരണം ചെയ്തുവെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.
അതിനിടെ, കൊവിഡിന്റെ ഗുരുതര വകഭേദങ്ങങ്ങളുടെ വ്യാപനത്തിൽ കേന്ദ്രം ആശങ്കയറിയിച്ചു. പ്രതിദിന രോഗികളുടെ എണ്ണം കുറയുമ്പോഴും രാജ്യത്ത് രണ്ടാം തരംഗം അവസാനിച്ചതായി പറയാനാകില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കൊവിഡ് വകഭേദമായ ഡെൽറ്റയും, ഡെൽറ്റയ്ക്ക് വീണ്ടും വകഭേദം സംഭവിച്ച് ഉണ്ടായ ഡെൽറ്റ പ്ലസുമാണ് ഇപ്പോൾ രാജ്യത്ത് ആശങ്ക സൃഷ്ടിക്കുന്നത്