മുന്നണി മാറ്റം ചർച്ച ചെയ്യാൻ ശരദ് പവാർ യോഗം വിളിച്ചിട്ടില്ലെന്ന് മന്ത്രി ശശീന്ദ്രൻ
മുന്നണി മാറ്റം ചർച്ച ചെയ്യാൻ എൻസിപി പ്രസിഡന്റ് ശരദ് പവാർ യോഗം വിളിച്ചുവെന്നത് പ്രചാരണം മാത്രമാണെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. ഇടതുമുന്നണി വിടേണ്ട ഒരു സാഹചര്യവും നിലവിലില്ല. പവാർ യോഗം വിളിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു
നേരത്തെ മാണി സി കാപ്പൻ മുംബൈയിലെത്തി പവാറിനെ കണ്ടിരുന്നു. ഇതിന് ശേഷം മുന്നണി മാറ്റം ചർച്ച ചെയ്യാൻ ഫെബ്രുവരി ഒന്നാം തീയതി ഡൽഹിയിൽ യോഗം വിളിച്ചതായും പ്രതികരിച്ചിരുന്നു. ഇതാണ് ശശീന്ദ്രൻ നിഷേധിച്ചത്.
പവാർ യോഗം വിളിച്ചുവെന്നത് പ്രചാരണം മാത്രമാണ്. അത്തരത്തിലൊരു യോഗം ആരും വിളിച്ചിട്ടില്ല. എൽ ഡി എഫ് വിട്ടുപോകുന്ന കാര്യം ചർച്ച ചെയ്തിട്ടില്ലെന്ന് സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കിയതാണ്. രാഷ്ട്രീയപ്രതിസന്ധി നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു.