മുസാഫർപൂരിൽ ദുരഭിമാനക്കൊല; മകളുടെ കാമുകനെ ബസിന് മുന്നിൽ തള്ളിയിട്ടു കൊന്നു
ബിഹാറിൽ വീണ്ടും ദുരഭിമാന കൊലപാതകം. മകളുടെ കാമുകനെ മാതാപിതാക്കൾ ഓടുന്ന ബസിന് മുന്നിൽ തള്ളിയിട്ടു കൊലപ്പെടുത്തി. ചക്രത്തിനടിയിൽപ്പെട്ട യുവാവ് സംഭവസ്ഥലത്തു തന്നെ മരിച്ചു. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
25 കാരനായ റോഷൻ കുമാർ പ്രദേശവാസിയായ പെൺകുട്ടിയുമായി പ്രണയത്തിലാവുകയും, സെപ്റ്റംബർ 29 ന് ഒളിച്ചോടുകയും ചെയ്തതായി പൊലീസ് പറയുന്നു. പെൺകുട്ടിയുടെ കുടുംബം ഇവരെ ഹാജിപൂരിനടുത്ത് കണ്ടെത്തി. നാട്ടിൽ തിരിച്ചെത്തിയാൽ വിവാഹം നടത്തി തരാമെന്നും, ഇപ്പോൾ തങ്ങൾക്കൊപ്പം വരണമെന്നും കുടുംബം ആവശ്യപ്പെട്ടു.
എന്നാൽ മുസാഫർപൂരിലെ ഫകുലി ചൗക്കിന് സമീപം എത്തിയപ്പോൾ പെൺകുട്ടിയുടെ വീട്ടുകാർ വാഹനം നിർത്തി യുവാവിനോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. റോഷൻ ഇറങ്ങുന്നതിനിടെ രണ്ട് യുവാക്കൾ റോഡ് മുറിച്ചുകടക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് അനുഗമിച്ചു. പിന്നാലെ എതിരെ വന്ന ബസിന് മുന്നിലേക്ക് തള്ളിയിടുകയായിരുന്നു.