Monday, January 6, 2025
Kerala

പൂത്തിരി കത്തിച്ച് ബസിന് മുകളിലെ ആഘോഷം; ‘കൊമ്പന്മാരെ’ തളയ്ക്കാന്‍ നടപടിയുമായി പൊലീസ്

കൊല്ലത്ത് ടൂറിന് പുറപ്പെടുന്നതിന് മുന്‍പ് ബസിന് മുകളില്‍ പൂത്തിരി കത്തിച്ച സംഭവത്തില്‍ ‘കൊമ്പന്‍’ ബസുടമകള്‍ക്കെതിരെ നടപടിയുമായി പൊലീസ്. ബസുടമകളും ഡ്രൈവര്‍മാരുമടക്കം നാല് പേര്‍ക്കെതിരെയാണ് കൊല്ലം അഞ്ചാലുംമൂട് പൊലീസ് കേസെടുത്തിരിക്കുന്നത്. നിയമലംഘനം നടത്തുന്ന ടൂറിസ്റ്റ് ബസുകളെ കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പും നടപടികളാരംഭിച്ചു.

ജൂണ്‍ 30നാണ് കൊല്ലത്ത് ടൂറിസ്റ്റ് ബസിന് മുകളില്‍ പൂത്തിരി കത്തിച്ച് അഭ്യാസ പ്രകടനം നടത്തിയത്.
വേഗത്തില്‍ തീ പിടിക്കുന്ന പെട്രോളിയം കെമിക്കല്‍ കൊണ്ടുള്ള സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് വരച്ച ചിത്രങ്ങളുള്ള ബസിന് മുകളിലാണ് പൂത്തിരി കത്തിച്ചത്.

ടൂറിസ്റ്റ് ബസുകളില്‍ ഗ്രാഫിക്‌സ് പാടില്ലെന്നും കര്‍ട്ടന്‍ ഉപയോഗിക്കരുതെന്നുമാണ് നിയമം. അലങ്കാര ലൈറ്റുകള്‍ക്കും നിയന്ത്രണമുണ്ട്. ഇതൊന്നും പാലിക്കാതെയാണ് ബസ് സര്‍വീസ് നടത്തിയത്.

അപകടം ക്ഷണിച്ച് വരുത്തുന്ന അതിര് കടന്നുള്ള സ്വകാര്യ ടൂറിസ്റ്റ് ബസ്സുകളുടെ ആഘോഷ പരിപാടികളുടെ ഒടുവിലത്തെ ഉദാഹരണമാണിത്. കോഴിക്കോട് താമരശേരി കോരങ്ങാട് വൊക്കേഷണല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ വിനോദയാത്രക്ക് പോയപ്പോഴുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ബസിന് മുകളില്‍ കയറി പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചുമായിരുന്നു ആഘോഷം. എന്നാല്‍ സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് വിദ്യാര്‍ത്ഥികളും സ്‌കൂള്‍ അധികൃതരും വ്യക്തമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *