പശ്ചിമ ബംഗാളിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു
പശ്ചിമ ബംഗാളിലെ ബർധമാനിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. ദുർഗാപൂരിലെ വ്യവസായിയായ രാജു ഝായാണ് മരിച്ചത്. സഹപ്രവർത്തകർക്കൊപ്പം കൊൽക്കത്തയിലേക്ക് പോവുകയായിരുന്ന ഝായെ, അജ്ഞാതർ ആക്രമിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം ശക്തിഗഢിൽ വച്ചായിരുന്നു സംഭവം.
രാജു ഝാ ഉൾപ്പെടെ മൂന്ന് പേരാണ് കാറിൽ യാത്ര ചെയ്തിരുന്നതെന്ന് ബർധമാന്റെ എസ്പി കാമാനസിസ് സെൻ പറഞ്ഞു. ഝാ തന്റെ കാറിൽ നിന്നും പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം. പ്രതികളിലൊരാൾ വടി ഉപയോഗിച്ച് കാറിന്റെ ചില്ല് തകർത്തപ്പോൾ മറ്റൊരാൾ അതിവേഗം വെടിയുതിർക്കുകയായിരുന്നു. ഝായുടെ കൂടെയുണ്ടായിരുന്ന മറ്റുള്ളവർക്കും പരിക്കേറ്റു.
സംഭവത്തിന് ശേഷം പ്രതികൾ സ്ഥലത്ത് നിന്ന് ഓടിപ്പോയതായി കാമനാസിസ് സെൻ പറഞ്ഞു. ഝായെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അതേസമയം പരിക്കേറ്റവരുടെ ചികിത്സ ആശുപത്രിയിൽ തുടരുകയാണ്. ആക്രമണത്തിന് പിന്നാലെ ഉദ്ദേശ്യം കണ്ടെത്താനായിട്ടില്ലെന്നും, കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.