ഒഡീഷ ആരോഗ്യമന്ത്രിക്ക് വെടിയേറ്റു
ഒഡീഷയിലെ ആരോഗ്യമന്ത്രി നബ ദാസിന് വെടിയേറ്റു. ബ്രജ്‌രാജ്നഗറിലെ ഗാന്ധി ചൗക്കിൽ ഒരു പരിപാടിക്കിടെ അജ്ഞാതൻ വെടിയുതിർക്കുകയായിരുന്നു. നെഞ്ചിൽ വെടിയേറ്റ മന്ത്രിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നബ ദാസ് കാറിൽ നിന്ന് ഇറങ്ങിയപ്പോൾ അജ്ഞാതർ വെടിയുതിർക്കുകയായിരുന്നുവെന്ന് വൃത്തങ്ങൾ അറിയിച്ചു. അക്രമികൾ അഞ്ച് റൗണ്ട് വെടിയുതിർക്കുകയായിരുന്നു. എന്നാൽ വെടിയുതിർത്തതിന്റെ കാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. നബ ദാസിന് നേരെയുള്ള ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും വൃത്തങ്ങൾ അറിയിക്കുന്നു.
സംഭവത്തിന് പിന്നാലെ ബിജെഡി പ്രവർത്തകർ ധർണ നടത്തി. തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ നിലനിന്നിരുന്നു. നബാ ദാസിന് പൊലീസ് അകമ്പടി നൽകിയിരുന്നതിനാൽ സുരക്ഷാ നടപടികളെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. നബാ ദാസ് ഒരു പ്രധാന ബിജെഡി നേതാവായതിനാൽ. 2024 ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹത്തിന് നേരെയുണ്ടായ ആക്രമണം ആശങ്കാജനകമാണ്. തെരഞ്ഞെടുപ്പിനിടെ അക്രമത്തിന് സാക്ഷ്യം വഹിച്ച ചരിത്രം ഒഡീഷയിലുണ്ട്.
മഹാരാഷ്ട്രയിലെ ഒരു ക്ഷേത്രത്തിന് ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന സ്വർണ്ണക്കലങ്ങൾ സംഭാവന ചെയ്ത നബ ദാസ് അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. 1.7 കിലോ സ്വർണ്ണവും 5 കിലോ വെള്ളിയും കൊണ്ട് നിർമ്മിച്ച കലകൾ രാജ്യത്തെ പ്രശസ്തമായ ശനി ആരാധനാലയങ്ങളിലൊന്നായ മഹാരാഷ്ട്രയിലെ ശനി ഷിംഗ്നാപൂർ ക്ഷേത്രത്തിലേക്ക് ദാസ് സംഭാവന ചെയ്തിരുന്നു.