പതിനാലുകാരിയുടെ മൃതദേഹം ചാക്കിൽകെട്ടി ഉപേക്ഷിച്ച നിലയിൽ; അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ
പതിനാലുകാരിയുടെ മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷേച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ. കോയമ്പത്തൂരിലെ ശരവണംപട്ടിക്കു സമീപം ശിവാനന്ദപുരത്തെ മുത്തുകുമാറിനെ (44)നെയാണ് പോക്‌സോ കേസിൽ അറസ്റ്റ് ചെയ്തത്. പത്താം ക്ലാസ് വിദ്യാർഥിയാണ് കൊല്ലപ്പെട്ട പെൺകുട്ടി.
അമ്മയും സഹോദരിയും ജോലിക്കു പോയപ്പോൾ വീട്ടിൽ തനിച്ചായിരുന്ന പെൺകുട്ടിയെ കഴിഞ്ഞ 13നാണ് കാണാതായത്. പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ 16ന് ഒരു ശുചീകരണത്തൊഴിലാളിയാണ് ശിവനന്ദപുരം യമുനാ നഗറിൽ മാലിന്യം തള്ളുന്ന സ്ഥലത്ത് പെൺകുട്ടിയുടെ മൃതദേഹം അടക്കം ചെയ്ത ചാക്കുകെട്ട് കണ്ടത്. ദുർഗന്ധം വമിക്കുന്ന ചാക്കുകെട്ട് പൊലീസ് പരിശോധിച്ചപ്പോഴാണ് ഭാഗികമായി അഴുകിയ മൃതദേഹം കണ്ടത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:
കഴിഞ്ഞ എട്ട് വർഷത്തോളമായി പെൺകുട്ടിയുടെ അമ്മ ഭർത്താവുമായി പിരിഞ്ഞു കഴിയുകയാണ്. ഇതിനിടയിലാണ് ഇവർ മുത്തുകുമാറുമായി അടുപ്പത്തിലായത്. ഇവരുടെ പഴയ ആഭരണങ്ങൾ മാറ്റി പുതിയത് വാങ്ങുന്നതിനായി മുത്തുകുമാറിനെ ഏൽപിച്ചിരുന്നു. എന്നാൽ സ്വർണം വിറ്റ മുത്തുകുമാർ പണം മുഴുവൻ സ്വന്തം ആവശ്യത്തിന് ചെലവഴിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നു.
ഈ മാസം 11ന് പെൺകുട്ടി ഒറ്റക്കായിരുന്നപ്പോൾ ഇവരുടെ വീട്ടിലെത്തിയ മുത്തുകുമാർ സ്വർണം തന്റെ വീട്ടിലുണ്ടെന്നും അത് വാങ്ങാൻ അങ്ങോട്ട് വരണമെന്നും പെൺകുട്ടിയോട് ആവശ്യപ്പെട്ടു. രാവിലെ 11.30 ഓടെ തന്റെ വീട്ടിലെത്തിയ പെൺകുട്ടിയെ മുത്തുകുമാർ പീഡിപ്പിക്കാൻ ശ്രമിച്ചു. രക്ഷപ്പെടാൻ ശ്രമിച്ച പെൺകുട്ടിയെ തലയിണ മുഖത്ത് അമർത്തിയും ഷാൾ കഴുത്തിൽ മുറുക്കിയും കൊലപ്പെടുത്തി. പിന്നീട് മൃതദേഹം ബ്ലാങ്കറ്റിൽ പൊതിഞ്ഞ് പ്ലാസ്റ്റിക് ചാക്കിലാക്കി ഉപേക്ഷിക്കുകയായിരുന്നു.