മകന്റെ തലയറുത്ത് വേലിയില്‍ കുത്തിനിര്‍ത്തിയത് കാണേണ്ടി വരുന്ന മാതാപിതാക്കള്‍, നടുക്കുന്ന അനുഭവങ്ങള്‍; ഉള്ളുലച്ച് മണിപ്പൂര്‍ ഡോക്യുമെന്ററി
രണ്ട് കുകി യുവതികളെ നഗ്നരാക്കി അപമാനിക്കുകയും അവര്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തുകയും ചെയ്ത വിഡിയോ മണിപ്പൂരില്‍ നിന്ന് പുറത്തെത്തിയതിന് ശേഷമാണ് മണിപ്പൂര്‍ കലാപത്തിന്റെ ഭീകരത രാജ്യത്തുടനീളം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടത്. മണിപ്പൂരില്‍ സമാധാനം പുലരണമെന്ന ആവശ്യം കുറച്ചുകൂടി ഉറക്കെ കേട്ടുതുടങ്ങിയതും ഇന്റര്‍നെറ്റ് നിയന്ത്രണത്തിന് അയവ് വന്നതിന് പിന്നാലെ ആ വിഡിയോ പുറത്തെത്തിയതിന് ശേഷമാണ്. ഭീകരതയെ അത്രത്തോളം വെളിപ്പെടുത്താന്‍ ശക്തിയുണ്ട് മണിപ്പൂരില്‍ നിന്നുള്ള അതിക്രൂരമായ ദൃശ്യങ്ങള്‍ക്ക്. മെയ്തി വിഭാഗത്തിന്റെ വെറുപ്പിനേയും അക്രമങ്ങളേയും അതിജീവിച്ച കുകി ജനതയുടെ നേര്‍സാക്ഷ്യങ്ങള്‍ അടയാളപ്പെടുത്തുന്ന ഒരു ഡോക്യുമെന്ററിയാണ് ഇപ്പോള്‍ സജീവ ചര്‍ച്ചയാകുന്നത്.
ന്യൂസ്‌റീല്‍ ഏഷ്യ പുറത്തിറക്കിയ മണിപ്പൂര്‍ എന്ന പേരിലുള്ള ഡോക്യുമെന്ററിയാണ് കാഴ്ചക്കാരെ നടുക്കുന്നത്. മണിപ്പൂര്‍ പൊലീസിനെതിരെ കുകി ജനത ഉന്നയിക്കുന്ന ഗുരുതരമായ ആരോപണങ്ങളും ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുന്നു. മെയ്തി അക്രമികള്‍ക്കൊപ്പം തങ്ങളെ ആക്രമിക്കുന്ന സമയത്ത് യൂണിഫോം ധരിച്ച പൊലീസുകാരും ഉണ്ടായിരുന്നുവെന്ന ആരോപണമാണ് അക്രമത്തെ അതിജീവിച്ചവര്‍ ഉന്നയിക്കുന്നത്. തങ്ങളുടെ കണ്‍മുന്നിലിട്ട് മക്കളുടെ കൈയും കാലും വെട്ടിമാറ്റിയതും മകന്റെ തലയറുത്ത് വേലിയില്‍ കുത്തിനിര്‍ത്തിയതും മൃഗങ്ങളെപ്പോലെ തങ്ങളുടെ ബന്ധുക്കളുടെ ശരീരം അറുത്തുമുറിച്ചതും കുകി ജനത പറയുന്നത് ഹൃദയം തകരുന്ന വേദനയോടെയേ കേട്ടിരിക്കാനാകൂ. മണിപ്പൂരിനെ രക്ഷിക്കേണ്ടതും ഭരണാധികാരികള്‍ മൗനം വെടിയേണ്ടതും എത്ര അനിവാര്യമാണെന്ന് വിളിച്ച് പറയുകയും ചെയ്യുന്നുണ്ട് ഡോക്യുമെന്ററി.