മണിപ്പൂര്‍ സര്‍വകക്ഷി യോഗത്തില്‍ നിന്ന് വിട്ടുനിന്ന് യെച്ചൂരി; ബിരേന്‍ സിങ്ങിന്റെ രാജി ആവശ്യമുയര്‍ത്താന്‍ സിപിഐഎം; പ്രധാനമന്ത്രിയുടെ അഭാവത്തില്‍ വിമര്‍ശനം
സംഘര്‍ഷം തുടരുന്ന മണിപ്പൂരിലെ സാഹചര്യത്തിന് അയവുവരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ നിന്ന് വിട്ടുനിന്ന് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ലമെന്റ് കോംപ്ലക്‌സില്‍ നടക്കുന്ന യോഗത്തില്‍ മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിങിന്റെ രാജി ആവശ്യപ്പെടുമെന്ന നിലപാടിലാണ് സിപിഐഎമ്മിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന ജോണ്‍ ബ്രിട്ടാസ് എംപി.
സംസ്ഥാനത്ത് മെയ് മൂന്നിന് ആരംഭിച്ച കുകി, മെയ്‌തേയ് വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന് അമിത് ഷാ നേരിട്ടെത്തിയിട്ടും അയവുവരാത്ത സാഹചര്യത്തിലാണ് സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ക്കുന്നത്. എന്നാല്‍ പ്രധാനമന്ത്രിയുടെ അഭാവത്തില്‍ വിളിച്ച യോഗത്തിനോട് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കടുത്ത വിയോജിപ്പുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തില്‍, അമിത് ഷാ നാല് ദിവസം സംസ്ഥാനത്ത് തുടര്‍ന്നിട്ടും വേണ്ട ഇടപെടല്‍ നടത്തിയില്ലെന്നാണ് പ്രതിപക്ഷ ആരോപണം. അന്‍പത് ദിവസങ്ങള്‍ പിന്നിട്ടിട്ടും അക്രമം അവസാനിപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്നത്.
50ദിവസം മണിപ്പൂരില്‍ മൗനം പാലിച്ച പ്രധാനമന്ത്രിയാണ് സര്‍വകക്ഷി യോഗത്തിന്റെ അധ്യക്ഷനാകേണ്ടിയിരുന്നത് എന്നാണ് കോണ്‍ഗ്രസ് വിമര്‍ശനം. മണിപ്പൂരിലെ ജനതയെയാണ് ബിജെപി പരാജയപ്പെടുത്തിയതെന്നാണ് മുതിര്‍ന്ന നേതാവ് ജയ്‌റാം രമേശിന്റെ പ്രതികരണം. മണിപ്പൂര്‍ മുന്‍ മുഖ്യമന്ത്രി ഒക്രം ഇബോബി സിംഗാണ് കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുക്കുന്നത്. മൂവായിരത്തിലധികം പേര്‍ക്ക് ഇതിനോടകം പരുക്കേല്‍ക്കുകയും 120ഓളം പേര്‍ മരിക്കുകയും ചെയ്ത മണിപ്പൂര്‍ കലാപം അവസാനിപ്പിക്കാന്‍ സര്‍വകക്ഷി യോഗത്തിന് ശേഷവും കേന്ദ്രത്തിന് കഴിഞ്ഞില്ലെങ്കില്‍ തിരിച്ചടിയാകും.