രാജ്യത്തെ ലജ്ജിപ്പിച്ച് മണിപ്പൂര്‍; ചേച്ചിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സഹോദരനേയും അക്രമികള്‍ വധിച്ചു; അക്രമത്തിന് കാരണമായത് ഒരു വ്യാജചിത്രം
മണിപ്പൂരില്‍ നഗ്നയാക്കി പരസ്യമായി നടത്തിക്കൊണ്ടുപോയ കുകി ഗോത്രത്തില്‍പ്പെട്ട സ്ത്രീയുടെ സഹോദരനെ അക്രമികള്‍ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. രണ്ട് സ്ത്രീകളെ നഗ്നരാക്കി മെയ്‌തേയ് വിഭാഗത്തില്‍പര്‌പെട്ട അക്രമികള്‍ നടത്തിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ അതേ ദിവസം തന്നെയാണ് ആക്രമിക്കപ്പെട്ട പെണ്‍കുട്ടികളില്‍ ഒരാളുടെ സഹോദരനും കൊലചെയ്യപ്പെട്ടത്. മണിപ്പൂരില്‍ മെയ്‌തേയ്-കുകി സംഘര്‍ഷം ആരംഭിച്ച മെയ് മൂന്നിന് പിറ്റേന്നാണ് കാംഗ്‌പോക്പി ജില്ലയില്‍ കൊലപാതകവും രാജ്യത്തെ ഞെട്ടിച്ച ലൈംഗിക അതിക്രമവും നടന്നത്.
തന്റെ 21 വയസുകാരിയായ സഹോദരിയെ അപമാനിക്കുന്നതില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് 19 വയസുകാരനായ സഹോദരനെ അക്രമികള്‍ വധിച്ചത്. ഒരു വ്യാജ ചിത്രമാണ് യുവതികള്‍ക്കെതിരായ അതിക്രമത്തിലേക്കും സഹോദരന്റേയും കൊലപാതകത്തിലേക്കും നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കുകി വിഭാഗത്തില്‍പ്പെട്ട പുരുഷന്മാര്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ മൊയ്‌തേയ് യുവതി എന്ന പേരില്‍ ഒരു വ്യാജ ചിത്രം പ്രചരിച്ചതാണ് രാജ്യത്തെ ലജ്ജിപ്പിച്ച സംഭവങ്ങളിലേക്ക് നയിച്ചതെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് പ്രതികാരം ചെയ്യാനെന്ന പേരിലാണ് അക്രമികള്‍ കുകി വിഭാഗത്തിലെ യുവതികളെ നഗ്നരാക്കി നടത്തിയത്.
അതേസമയം മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി റോഡിലൂടെ നടത്തിച്ച പ്രതികള്‍ക്ക് വധശിക്ഷ നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് പറഞ്ഞു. രാജ്യത്തുടനീളം പ്രതിഷേധം ഉയര്‍ന്നതോടെയാണ് പ്രതികരണം. അതേസമയം സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും ദേശീയ വനിതാ കമ്മീഷന്‍ പ്രതികരിച്ചു.