ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചു; രാഹുൽ കെപി ടീമിൽ, സഹലിന് ഇടമില്ല
ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമിൽ മലയാളി താരം രാഹുൽ കെപി ഇടംപിടിച്ചു. സമീപകാലത്തായി ദേശീയ ജഴ്സിയിൽ തകർപ്പൻ പ്രകടനം അടത്തിയ സഹൽ അബ്ദുൽ സമദിന് ഇടം ലഭിച്ചില്ല. 23 വയസിനു മുകളിലുള്ള മൂന്ന് താരങ്ങളെ മാത്രമേ ടീമിൽ പരിഗണിക്കാവൂ എന്ന നിയമമാണ് സഹലിനു വിനയായത്. സുനിൽ ഛേത്രിയാണ് ടീമിനെ നയിക്കുക. സെപ്തംബർ 19 മുതൽ ഒക്ടോബർ 7 വരെ ചൈനയിലെ ഹാങ്ങ്ഷോവിലാണ് ഏഷ്യൻ ഗെയിംസ്.
ആതിഥേയരായ ചൈന, മ്യാന്മർ, ബംഗ്ലാദേശ് എന്നിവരടങ്ങിയ ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ആകെ 23 ടീമുകളെ 6 ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. ഡി ഗ്രൂപ്പിൽ മൂന്ന് ടീമുകളും എ മുതൽ എഫ് വരെയുള്ള ടീമുകളിൽ 4 ടീമുകളുമാണ് ഉള്ളത്.
ഏഷ്യൻ ഗെയിംസ് നിയമപ്രകാരം 23 വയസിനു മുകളിൽ പ്രായമുള്ള 3 താരങ്ങളേ ടീമിൽ ഉൾപ്പെടാവൂ. സന്ദേശ് ജിങ്കൻ, ഗുർപ്രീത് സിംഗ്, സുനിൽ ഛേത്രി എന്നിവരാണ് ഈ മൂന്ന് പേർ
ഏഷ്യയിലെ മികച്ച 8 ടീമുകളിൽ ഒന്നാണെങ്കിൽ മാത്രമെ ഏത് ഇനമായാലും ഏഷ്യൻ ഗെയിംസിന് അയക്കേണ്ടതുള്ളൂ എന്നാണ് കായിക മന്ത്രാലയത്തിന്റെ മാനദണ്ഡം. ഇതിൽ വരാത്തതിനാൽ ഇന്ത്യൻ ഫുട്ബോൾ ടീമിനെ ഏഷ്യൻ ഗെയിംസിന് അയക്കേണ്ടതില്ല എന്നായിരുന്നു തീരുമാനം. എന്നാൽ, പരിശീലകൻ ഇഗോർ സ്റ്റിമാചിൻ്റെ അഭ്യർത്ഥന മാനിച്ച് ഈ മാനദണ്ഡം മാറ്റിനിർത്തി കേന്ദ്ര സർക്കാർ ടീമിന് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ അനുമതി നൽകുകയായിരുന്നു.