Tuesday, January 7, 2025
National

ഗുസ്തി താരങ്ങളുടെ മെഡലുകൾ രാജ്യത്തിൻ്റേത്; അത് നദിയിലൊഴുക്കരുതെന്ന് ബ്രിജ് ഭൂഷൺ സിംഗ്

ഗുസ്തി താരങ്ങൾ മെഡലുകൾ രാജ്യത്തിൻ്റേതെന്ന് ഗുസ്തി ഫെഡറേഷൻ മുൻ ചെയർമാനും ലൈംഗിക പരാതിയിൽ കുറ്റാരോപിതനുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗ്. അത് നദിയിൽ ഒഴുക്കരുത്. വിഷയത്തിൽ അന്വേഷണം നടക്കുകയാണ്. എന്തിനാണ് ഇത്ര തിടുക്കം എന്നും ബ്രിജ് ഭൂഷൺ ചോദിച്ചു.

അന്വേഷണം പൂർത്തിയാക്കുന്നത് വരെ താരങ്ങൾ കാത്തിരിക്കണമെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് സിംഗ് ഠാക്കൂറും പറഞ്ഞു. കായിക താരങ്ങൾക്ക് ദോഷമാകുന്ന നടപടികൾ സ്വീകരിക്കരുത്. മെഡൽ നദിയിലൊഴുക്കുന്നത് പോലെയുള്ള നടപടികൾ പാടില്ല. സർക്കാർ ഗുസ്‌തി താരങ്ങൾക്കൊപ്പമെന്നും മന്ത്രി പറഞ്ഞു.

ഗുസ്തി താരങ്ങളുടെ സമരത്തിൽ രാജ്യാന്തര ഒളിമ്പിക്സ് കമ്മറ്റി ഇടപെട്ടിരുന്നു. അത്‌ലറ്റുകളെ സംരക്ഷിക്കണം എന്ന് ഒളിമ്പിക്സ് കമ്മറ്റി അവശ്യപ്പെട്ടു. ഗുസ്തി താരങ്ങളുടെ പരാതിയിൽ നിക്ഷ്പക്ഷമായ, കൃത്യമായ അന്വേഷണമുണ്ടാവണമെന്നും ഒളിമ്പിക്സ് കമ്മറ്റി വക്താവ് പറഞ്ഞതായി വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഗുസ്തി താരങ്ങളെ ഡൽഹി പൊലീസ് കൈകാര്യം ചെയ്തത് വളരെ മോശമായാണ് എന്ന് രാജ്യാന്തര ഒളിമ്പിക്സ് കമ്മറ്റി പറഞ്ഞു. അവരെ കയ്യേറ്റം ചെയ്തതും മണിക്കൂറുകളോളം തടഞ്ഞുവച്ചതും വളരെ അസ്വസ്ഥപ്പെടുത്തുന്നതാണ്. ഗുസ്തി താരങ്ങളുടെ ലൈംഗികാരോപണ പരാതിയിൽ നിക്ഷ്പക്ഷമായ, കൃത്യമായ അന്വേഷണമുണ്ടാവണം. ഈ പ്രക്രിയയിലുടനീളം അത്‌ലറ്റുകളുടെ സുരക്ഷയും ക്ഷേമവും കൃത്യമായി പരിഗണിക്കപ്പെടണമെന്നും അന്വേഷണം വേഗത്തിൽ അവസാനിപ്പിക്കണമെന്നും ഞങ്ങൾ അഭ്യർത്ഥിക്കുന്നു. പിടി ഉഷ അധ്യക്ഷയായ ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷനോട് അത്‌ലറ്റുകളെ സംരക്ഷിക്കണം എന്നും രാജ്യാന്തര ഒളിമ്പിക്സ് കമ്മറ്റി ആവശ്യപ്പെട്ടു.

യുണൈറ്റഡ് വേൾഡ് റെസ്ലിംഗും വിഷയത്തിൽ ഇടപെട്ടു. ഗുസ്തി താരങ്ങളെ തടഞ്ഞുവച്ചതും അവരെ കയ്യേറ്റം ചെയ്തതും ആശങ്കപ്പെടുത്തുന്നതാണ് എന്ന് യുണൈറ്റഡ് വേൾഡ് റെസ്ലിംഗ് പറഞ്ഞു. നിശ്ചിത സമയത്തിനുള്ളിൽ റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ തെരഞ്ഞെടുപ്പ് നടത്തണമെന്നും യുണൈറ്റഡ് വേൾഡ് റെസ്ലിംഗ് ആവശ്യപ്പെട്ടു.

ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ, വിനേഷ് ഫോഗട്ട് തുടങ്ങിയ ഗുസ്തി താരങ്ങളുടെ പ്രതിഷേധം ആളിക്കത്തുകയാണ്. സാക്ഷി മാലികും വിനേഷ് ഫോഗട്ടും അടക്കമുള്ളവർ ഹരിദ്വാറിലെത്തിയാണ് മെഡലുകൾ ​ഗം​ഗാ നദിയിൽ ഒഴുക്കാൻ തീരുമാനിച്ചത്. രാജ്യത്തിനഭിമായി തങ്ങൾക്ക് ലഭിച്ച മെഡലുകൾ നദിയിൽ ഒഴുക്കുമെന്ന് താരങ്ങൾ പ്രഖ്യാപിച്ചിരുന്നു. അതാണ് കർഷക നേതാക്കൾ ഇടപെട്ട് തടഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *