വിവാഹ ചടങ്ങിനിടെ അപകടം: തമിഴ്‌നാട്ടിൽ തിളച്ച രസത്തിൽ വീണ് വിദ്യാർത്ഥി മരിച്ചു
തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ 21 കാരനായ യുവാവ് തിളച്ച രസത്തിൽ വീണ് മരിച്ചു. മിഞ്ഞൂരിലെ ഒരു വിവാഹ ചടങ്ങിനിടെയായിരുന്നു അപകടം. കല്യാണമണ്ഡപത്തിൽ രസം തിളപ്പിക്കുന്ന പാത്രത്തിലേക്ക് 21 കാരൻ അബദ്ധത്തിൽ വീഴുകയായിരുന്നു.
എന്നൂരിനടുത്തുള്ള അത്തിപ്പട്ട് പുതുനഗർ സ്വദേശി വി സതീഷ് ആണ് മരിച്ചത്. കൊരുക്കുപേട്ടയിലെ ഒരു സ്വകാര്യ കോളജിൽ അവസാന വർഷ ബിസിഎ വിദ്യാർത്ഥിയായിരുന്ന സതീഷ്, ഒരു കാറ്ററിംഗ് സ്ഥാപനത്തിൽ പാർട്ട് ടൈമായി ജോലി ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച ഒരു വിവാഹ ചടങ്ങിൽ ഭക്ഷണം വിളമ്പുന്നതിനായി എത്തിയതായിരുന്നു ഇയാൾ.
അതിഥികൾക്ക് വിളമ്പാനുള്ള രസം തിളപ്പിച്ച പാത്രത്തിൽ വിദ്യാർത്ഥി അബദ്ധത്തിൽ വീഴുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ നഗരത്തിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഏപ്രിൽ 30 ന് മരിച്ചു. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.