‘ഈ തെരഞ്ഞെടുപ്പ് നിങ്ങളെക്കുറിച്ചല്ല’; പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. കർണാടകയിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മോദിയെ കുറിച്ചുള്ളതല്ലെന്ന് മനസ്സിലാക്കണം. സ്വന്തം കാര്യമല്ല, സംസ്ഥാനത്ത് ബിജെപി എന്ത് ചെയ്യുമെന്നാണ് പറയേണ്ടതെന്നും രാഹുൽ വിമർശിച്ചു. കോൺഗ്രസ് തന്നെ 91 തവണ അധിക്ഷേപിച്ചുവെന്ന മോദിയുടെ ആരോപണത്തിന് മറുപടി നൽകുകയായിരുന്നു രാഹുൽ.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കർണാടകയിലെത്തിയ മോദി, സംസ്ഥാനത്തെ കുറിച്ച് ഒരക്ഷരം പോലും മിണ്ടിയില്ല. കഴിഞ്ഞ മൂന്ന് വർഷമായി സംസ്ഥാനത്ത് നിങ്ങൾ എന്താണ് ചെയ്തതെന്ന് പറയണം? അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നിങ്ങൾ എന്തുചെയ്യും? യുവാക്കൾ, വിദ്യാഭ്യാസം, ആരോഗ്യം, അഴിമതിക്കെതിരായ പോരാട്ടം എന്നതിനെക്കുറിച്ചും പ്രസംഗങ്ങളിൽ സംസാരിക്കേണ്ടതുണ്ട്. പകരം സ്വന്തം കാര്യം മാത്രമാണ് മോഡി സംസാരിച്ചതെന്നും രാഹുൽ ആരോപിച്ചു.
കോൺഗ്രസ് 91 തവണ അധിക്ഷേപിച്ചുവെന്ന് മോദി പറയുന്നു, പക്ഷേ കർണാടകത്തിന് വേണ്ടി ചെയ്തതിനെക്കുറിച്ച് സംസാരിക്കുന്നില്ല. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ബി.ജെ.പി എന്തുചെയ്യുമെന്നതിനെക്കുറിച്ചായിരിക്കണം മോദിയുടെ അടുത്ത പ്രസംഗമെന്നും രാഹുൽ പറഞ്ഞു. കർണാടക തെരഞ്ഞെടുപ്പിന് മുന്നോടിയായി തുംകുരു ജില്ലയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.