Saturday, October 19, 2024
Movies

ചരിത്ര നേട്ടത്തിലേക്ക് കിംഗ് ഖാന്‍ ചിത്രം പഠാന്‍; നാലാം ദിവസം കളക്ഷന്‍ 221 കോടി!

ബോക്‌സ് ഓഫീസ് ചരിത്രം തിരുത്തി മുന്നേറി ഷാരൂഖ് ഖാന്‍ ചിത്രം പഠാന്‍. പ്രദര്‍ശനം തുടങ്ങി നാലാം ദിവസമായ ശനിയാഴ്ചയോടെ 200 കോടി നെറ്റ് മാര്‍ക്കറ്റ് മറികടന്നു പഠാന്‍. ചിത്രത്തിന്റെ ഓള്‍ ഇന്ത്യ കളക്ഷന്‍ 221 കോടി രൂപയിലേക്കെത്തി. നാലാം ദിവസം 55 കോടിയാണ് ചിത്രം നേടിയത്.

കെജിഎഫ് 2, ബാഹുബലി 2 എന്നീ ചിത്രങ്ങളെ മറികടന്ന് 200 കോടി ക്ലബില്‍ പ്രവേശിച്ച് ചരിത്രത്തിലിടം നേടി പഠാനെന്നാണ് ട്രേഡ് അനലസ്റ്റ് തരണ്‍ ആദര്‍ശ് വിലയിരുത്തുന്നു. റിപ്പബ്ലിക് ദിനത്തില്‍ മാത്രം 70 കോടിയിലധികം നേടിയ പഠാന്‍ ഞായറാഴ്ച ദിവസമായ ഇന്നും വലിയ കളക്ഷനാണ് രാജ്യമൊട്ടാകെ പ്രതീക്ഷിക്കുന്നത്. ഏകദേശം 275 കോടിയോളമാണ് ചിത്രത്തിന്റെ ആദ്യ വാരാന്ത്യ കളക്ഷനായി പ്രതീക്ഷിക്കുന്നത്. ഇതോടെ കൊവിഡിന് ശേഷം ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ചിത്രമെന്ന റെക്കോഡിലേക്ക് പഠാന്‍ ചുവടുവയ്ക്കുന്നത്.

ഷാരൂഖ് ഖാന്‍, ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം എന്നിവരഭിനയിക്കുന്ന പഠാന്‍ നിരവധി റെക്കോര്‍ഡുകള്‍ തകര്‍ത്താണ് എക്കാലത്തെയും വലിയ ഓപ്പണറായി ഉയരുന്നത്.434 കോടി രൂപയായിരുന്നു കെജിഎഫ് 2ന്റെ ഹിന്ദി നെറ്റ് ലൈഫ് ടൈം കളക്ഷന്‍. 510 കോടിയായിരുന്നു ബാഹുബലി 2ന്റെ കളക്ഷന്‍. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ വന്‍ നേട്ടം കൊയ്ത കിംഗ് ഖാന്റെ ചിത്രം ഇവയെ എളുപ്പത്തില്‍ മറികടക്കും. നാല് വര്‍ഷത്തിന് ശേഷം ഷാരൂഖ് ഖാന്റെ ബിഗ് സ്‌ക്രീനിലേക്കുള്ള തിരിച്ചുവരവ് അടയാളപ്പെടുത്തുന്ന ചിത്രമാണ് പഠാന്‍.

ജനുവരി 25ന് തീയേറ്ററുകളിലെത്തിയ പഠാന്‍ ആദ്യ ദിനം തന്നെ തരംഗം സൃഷ്ടിച്ചിരുന്നു. റിലീസിന് മുമ്പ് ചിത്രം ബഹിഷ്‌കരിക്കണമെന്ന ആഹ്വാനങ്ങളെയെല്ലാം മറികടന്നാണ് ചരിത്ര വിജയം തുടരുന്നത്. ആദ്യ ദിനം 57 കോടി കളക്ഷന്‍ നേടിയ ചിത്രം രണ്ടാം ദിനം 70.5 കോടിയാണ് നേടിയത്. മൂന്നാം ദിനം 39.25 കോടിയായിരുന്നു ഇത്.

Leave a Reply

Your email address will not be published.