ആദ്യ ദിനം പത്താൻ്റെ കളക്ഷൻ 55 കോടി രൂപ; ബോളിവുഡിലെ ഏറ്റവും വലിയ ഓപ്പണിംഗ്
ഷാരൂഖ് ഖാൻ്റെ ഏറ്റവും പുതിയ സിനിമയായ പത്താന് റെക്കോർഡ് ഓപ്പണിംഗ്. ഹിന്ദി സിനിമകളിലെ ആദ്യ ദിന കളക്ഷനിൽ ഏറ്റവും അധികം തുക നേടുന്ന ചിത്രമെന്ന റെക്കോർഡാണ് പത്താൻ പഴങ്കഥയാക്കിയത്. ആദ്യ ദിനം 55 കോടി രൂപ കളക്ട് ചെയ്ത ചിത്രം കെജിഎഫ് രണ്ടാം ഭാഗത്തിൻ്റെ ഹിന്ദി പതിപ്പിനെ മറികടന്നു. കെജിഎഫ് രണ്ടാം ഭാഗത്തിൻ്റെ ആദ്യ ദിന കളക്ഷൻ 53.95 കോടി രൂപ ആയിരുന്നു. ബോളിവുഡ് ട്രേഡ് അനലിസ്റ്റ് തരൺ ആദർശാണ് ഇക്കാര്യം അറിയിച്ച് ട്വീറ്റ് ചെയ്തത്.
പത്താൻ (55 കോടി), കെജിഎഫ് ഹിന്ദി (53.95 കോടി), വാർ (51.60 കോടി), തഗ്സ് ഓഫ് ഹിന്ദുസ്താൻ (50.75 കോടി) എന്നിങ്ങനെയാണ് യഥാക്രമം ആദ്യ ദിന കളക്ഷൻ റെക്കോർഡ് പട്ടിക.
വമ്പൻ ഹൈപ്പിലാണ് സിനിമ പുറത്തിറങ്ങിയത്. ഹിറ്റ് ജോഡികളായ ഷാരൂഖ് ഖാനും ദീപിക പദുക്കോണും ഒന്നിക്കുന്ന ചിത്രം ബ്ലോക്ക്ബസ്റ്ററാണെന്ന് നിരൂപകർ പറയുന്നു. ഹിന്ദു സംഘടനകൾ നടത്തിയ ബഹിഷ്കരണാഹ്വാനവും മറികടന്നാണ് ചിത്രത്തിൻ്റെ കുതിപ്പ്. എന്നാൽ, പത്താൻ റിലീസ് തടയില്ലെന്ന് ബജ്റംഗ്ദൾ അടക്കമുള്ള ഹിന്ദു സംഘടനകൾ പിന്നീട് നിലപാടെടുത്തു.
സിദ്ധാർത്ഥ് ആനന്ദാണ് സിനിമയുടെ സംവിധായകൻ. 2018ൽ പുറത്തിറങ്ങിയ ‘സീറോ’യ്ക്ക് ശേഷം ഷാരൂഖിൻ്റേതായി പുറത്തിറങ്ങുന്ന സിനിമ കൂടിയാണ് പത്താൻ.